യു ആർ അനന്തമൂർത്തി അന്തരിച്ചു

Posted on: August 22, 2014

UR-Ananthamurthy-b

പ്രശസ്ത സാഹിത്യകാരനും മഹാത്മഗാന്ധി സർവകലാശാല മുൻ വൈസ്ചാൻസലറുമായിരുന്ന ഡോ. യു.ആർ. അനന്തമൂർത്തി അന്തരിച്ചു. ബംഗളുരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗം ഗുരുതരമായതിനെ തുടർന്ന് ഇന്നു രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1994 ൽ ജ്ഞാനപീഠം പുരസ്‌കാരവും 1998 ൽ പദ്മഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

നോവലുകളും ചെറുകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കാര ഭാവ, ഭാരതി പുര, അവസ്‌തെ എന്നിവയാണ് പ്രധാനകൃതികൾ. അനന്തമൂർത്തിയുടെ പല പുസ്തകങ്ങളും വിദേശഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കേന്ദ്രസഹിത്യ അക്കാദമി പ്രസിഡന്റ്, നാഷണൽ ബുക് ട്രസ്റ്റ് ചെയർമാൻ തുടങ്ങി വിദ്യാഭ്യാസ,സാഹിത്യ,സാംസ്‌കാരിക രംഗങ്ങൡ ഒട്ടേറെ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

കർണാടകത്തിലെ ഷിമോഗ ജില്ലയിൽ ജനിച്ച ഉടുപ്പി രാജാഗോപാലാചാര്യ അനന്തമൂർത്തി ഗാന്ധിയൻ സോഷ്യലിസ്റ്റായാണ് അറിയപ്പെടുന്നത്. മൈസൂർ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം ഇംഗ്ലണ്ടിലെ ബിർമിംഗാം യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.

ഭാര്യ എസ്‌തേർ മലയാളിയാണ്. മക്കൾ അനുരാധ, ശരത്.