വോഡഫോൺ ഇന്ത്യ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന്

Posted on: April 17, 2016

Vodafone-India-Logo-big

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ വോഡഫോൺ ഇന്ത്യ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ഈ മാസം അവസാനമോ അടുത്ത മാസമോ പബ്ലിക്ക് ഇഷ്യു ഉണ്ടായേക്കും. പ്രാഥമിക വിപണിയിൽ നിന്നും 13,300 കോടി രൂപ (രണ്ട് ബില്യൺ ഡോളർ) സമാഹരിക്കാനാണ് വോഡഫോൺ ലക്ഷ്യമിടുന്നത്. 20 ബില്യൺ ഡോളറാണ് വോഡഫോൺ ഇന്ത്യയുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. അതായത് 10 ശതമാനം ഓഹരി വിൽക്കാനാണ് വോഡഫോണിന്റെ നീക്കം.

ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് അനുമതി തേടി പ്രോസ്‌പെക്ടസ് സമർപ്പിക്കാൻ മെർച്ചന്റ് ബാങ്കർമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരെ അടുത്തയാഴ്ച ഷോർട്ട്‌ലിസ്റ്റ് ചെയ്യും. 18 ബാങ്കിംഗ് സ്ഥാപനങ്ങളാണ് ഇതു സംബന്ധിച്ച് താത്പര്യം പ്രകടിപ്പിച്ചത്. 2014-15 ൽ വോഡഫോൺ ഇന്ത്യ 42,526 കോടി രൂപ വരുമാനം നേടിയിരുന്നു.

ഇന്ത്യയിലെ നികുതിവകുപ്പുമായി 2007 മുതൽ പോരാട്ടം തുടരുന്നതിനിടെയാണ് വോഡഫോൺ പബ്ലിക്ക് ഇഷ്യുവുമായി എത്തുന്നത്. നികുതി കേസിൽ സുപ്രീംകോടതി വിധി വോഡഫോണിന് അനുകൂലമായിരുന്നു.