വല്ലാർപാടം ടെർമിനൽ വളർച്ചയുടെ പാതയിൽ

Posted on: November 4, 2015

DP-World-Vallarpadam-ICTT-B

കൊച്ചി : വല്ലാർപാടം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കപ്പലുകളിലെ ചരക്കുകൾ കൈകാര്യം ചെയ്ത് പുരോഗതിയിലേക്ക് കുതിക്കുന്നു. ടെർമിനലിലൂടെയുള്ള കയറ്റുമതിയും ഇറക്കുമതിയും കഴിഞ്ഞ മൂന്നു മാസങ്ങളിൽ മികച്ച വർധന രേഖപ്പെടുത്തി.

ഓഗസ്റ്റിൽ 51 ഉം, സെപ്റ്റംബറിൽ 52 ഉം ഒക്ടോബറിൽ 58 ഉം കപ്പലുകൾ വല്ലാർപാടത്തെത്തി. കഴിഞ്ഞ ഏഴ് മാസങ്ങളിലും ക്രമാനുഗതമായ വളർച്ചയും മുൻ വർഷത്തെ ഒക്ടോബറിനെ അപേക്ഷിച്ച് കണ്ടെയ്‌നറുകളടെ ടിഇയു ശേഷിയിൽ 16 ശതമാനം വളർച്ചയും കൈവരിച്ചു. മണിക്കൂറിൽ ശരാശരി 30 ക്രെയ്ൻ മൂവുകൾ നടന്നുവരുന്നു. ഏറ്റവും മികച്ച സേവനം നൽകുവാനായി അത്യാധുനിക യന്ത്ര സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ടെർമിനൽ നടത്തിപ്പുകാരായ ഡി പി വേൾഡിന്റെ സീനിയർ വൈസ് പ്രസിഡന്റും കോണ്ടിനെന്റ് മാനേജിംഗ് ഡയറക്ടറുമായ അനിൽ സിംഗ് പറഞ്ഞു.

കപ്പലുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവുണ്ടായെന്നും യന്ത്ര സംവിധാനങ്ങൾ, സാങ്കേതിക വിദ്യ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകിയ പരിശീലനം ഏറെ സഹായകമായെന്ന് ഡിപി വേൾഡ് കൊച്ചിയുടെ സിഇഒ ജിബു കുര്യൻ ഇട്ടി കൂട്ടിച്ചേർത്തു.

ഫാർ ഇസ്റ്റ് ഏഷ്യയിലേക്ക് ആഴ്ചയിൽ മൂന്നും (ഇതിലൊന്ന് ഓസ്‌ട്രേലിയിലേക്ക്) മിഡിൽ ഈസ്റ്റിലേക്ക് ആഴ്ചയിൽ നാലും സർവീസുകൾ ഉണ്ട്. യൂറോപ്പിലേക്ക് രണ്ട് ഡയറക്ട് സർവീസുകളും യുഎസ് കിഴക്കൻ തീരത്തേക്ക് കണക്ഷനും ലഭ്യമാണ്. സമീപ തുറമുഖങ്ങളിൽ നിന്നും ചരക്കെത്തിക്കുവാൻ ഫീഡർ കപ്പലുകളും ലഭ്യമാണ്.