കിൻഫ്ര ഡിഫൻസ് പാർക്കിന് കേന്ദ്രത്തിന്റെ അംഗീകാരം

Posted on: July 17, 2015

Kinfra-Defence-Park-Big

തിരുവനന്തപുരം : പ്രതിരോധ മേഖലയ്ക്കാവശ്യമായ സാമഗ്രികൾ നിർമിക്കുന്ന ഒറ്റപ്പാലത്തെ കിൻഫ്ര ഡിഫൻസ് പാർക്കിന് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. 231 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ മോഡിഫൈഡ് ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ അപ്ഗ്രഡേഷൻ സ്‌കീം (എംഐഐയുഎസ്) പ്രകാരം 50 കോടി രൂപ ധനസഹായം പദ്ധതിക്ക് ലഭ്യമാകും.

നൈറ്റ് വിഷൻ ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയാണ് ഡിഫൻസ് പാർക്കിൽ നിർമിക്കാനുദ്ദേശിക്കുന്നത്. അത്യാധുനിക ടൂൾ റൂം, ഉത്പന്ന കാര്യക്ഷമതാ പരീക്ഷണ സംവിധാനം, സംഭരണശാല, സംരംഭകർക്കുള്ള പരിശീലന സൗകര്യം, ഗുണമേൻമാകേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ഡിഫൻസ് പാർക്കിൽ സജ്ജീകരിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം രണ്ടായിരത്തോളം പേർക്ക് നേരിട്ടും 3000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ. എം. ചന്ദ്രശേഖർ, കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ, വാണിജ്യ മന്ത്രാലയത്തിലെ ഡിഐപിപി സെക്രട്ടറി അമിതാഭ് കാന്ത്, സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ, സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, കിൻഫ്ര എംഡി. ഡോ. ജി. സി. ഗോപാല പിള്ള എന്നിവരുടെ കൂട്ടായ പരിശ്രമഫലമാണ് ഡിഫൻസ് പാർക്ക് കേരളത്തിന് ലഭിക്കുവാൻ കാരണമായത്.