വായ്പാ പലിശ കൂട്ടി എസ്‌ഐബി പുതിയ നിരക്ക് ഇന്നു മുതല്‍

Posted on: September 20, 2023

കൊച്ചി : വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ്ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

എംസിഎല്‍ആര്‍ ഉയര്‍ത്തിയതിനാല്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് ബാധ്യത (ഇഎംഐ) കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംസിഎല്‍ആര്‍ വര്‍ധന ബാധകമാകുക.
പുതുക്കിയ നിരക്കുപ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 9.25 ശതമാനത്തില്‍ നിന്ന് 9.35 ശതമാനവും ഒരു മാസക്കാലാവധി ഉള്ളവയുടേത് 9.30ല്‍ നിന്ന് 9.40 ശതമാനവുമാകും.

മൂന്നുമാസ കാലാവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ നിരക്ക് 9.45%; നിലവില്‍ ഇത് 9.35 ശതമാനമാണ്. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്ന് 9.50 ശതമാനമാകും. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ പുതിയ നിരക്ക് 9.70%; നിലവിലെ നിരക്ക് 9.65 ശതമാനമാണ്.

കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംസിഎല്‍ആര്‍ കൂട്ടിയിരുന്നു. ഇതോടെ അന്നുമുതല്‍ ഇതിനകം ഓവര്‍നൈറ്റ്, ഒരുമാസ കാലാവധിയുള്ള വായ്പയുടെ നിരക്ക് കൂടിയത് 0.65 ശതമാനമാണ്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്നാണ് 9.70 ശതമാനത്തിലെത്തിയത്.