ഇൻസ്റ്റന്റ് ഡിമാറ്റ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

Posted on: August 4, 2019

കൊച്ചി : ഓഹരി ഇടപാടുകൾക്ക് വളരെ വേഗത്തിൽ ഓൺലൈൻ ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്ന പുതിയ സേവനം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഫെഡറൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലായ ഫെഡ്നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റൽ ഡിമാറ്റ് അക്കൗണ്ട് തുറക്കാൻ ഇനി ഉപഭോക്താക്കൾക്ക് കഴിയും. ഇന്ത്യയിൽ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്ന ബാങ്കാണ് ഫെഡറൽ ബാങ്ക്. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് എം.ഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, നാഷണൽ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എൻ.എസ്.ഡി.എൽ) എം.ഡിയും സിഇഒയുമായ ജി.വി നാഗേശ്വര റാവു എന്നിവർ ചേർന്നാണ് പുതിയ ഓൺലൈൻ ഡിമാറ്റ് അക്കൗണ്ട് അവതരിപ്പിച്ചത്.

ഇൻസ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂർണമായും കടലാസ് രഹിതമായി ഏതു സമയത്തും പോർട്ടലിൽ ലഭ്യമാണ്. ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപകർക്കും ഇടപാടുകാർക്കുമുള്ള എല്ലാ സേവനങ്ങളും പൂർണതോതിൽ നൽകാൻ ഇനി ഫെഡറൽ ബാങ്കിനു കഴിയും. സേവിംഗ്സ്, ഡിമാറ്റ് അക്കൗണ്ടുകൾ ഉടനടി തുറക്കാനും പ്രമുഖ ഓഹരി ബ്രോക്കിംഗ് സ്ഥാപനങ്ങളുമായി ചേർന്ന് ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കുന്നതിന് നേരിട്ടെത്തിയും നൽകുന്ന സേവനവും ഫെഡറൽ ബാങ്കിൽ ലഭ്യമാണ്. ഈ ഓൺലൈൻ ഡിമാറ്റ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഐപിഒ അപേക്ഷ, എൻ.എഫ്.ഒ, ട്രേഡിംഗ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാമെന്ന് നാഗേശ്വര റാവു പറഞ്ഞു.

സൈനിക ക്ഷേമ നിധിയിലേക്കുള്ള ഫെഡറൽ ബാങ്കിന്റെ സംഭാവനയും വാർത്താ സമ്മേളനത്തിൽ ബാങ്ക് മേധാവി ശ്യാം ശ്രീനിവാസൻ പ്രഖ്യാപിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ മക്കൾക്ക് ഫെഡറൽ ബാങ്ക് നേരത്തെ സ്‌കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ഫെഡറൽ ബാങ്ക് ഉപയോക്താക്കൾ നടത്തിയ ഓൺലൈൻ ഇടപാടുകളുടെ എണ്ണത്തിന് തുല്യമായ 42,02,874 രൂപ സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചു.