സുരക്ഷിത ബാങ്കിടപാടുകൾക്ക് ചില്ലർ ആപ്പുമായി ഫെഡറൽ ബാങ്ക്

Posted on: August 20, 2016

Federal-bank-Logo-Big

കൊച്ചി : കറൻസിരഹിത ഇടപാടുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് പ്രമുഖ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ചില്ലറുമായി കൈകോർക്കുന്നു. തൽസമയ പണംകൈമാറ്റം, ബില്ലടയ്ക്കൽ, ഫോൺറീചാർജ്, ഇ-കൊമേഴ്‌സ് ഇടപാടുകൾതുടങ്ങിയവ സാധ്യമാക്കുന്ന സുരക്ഷിതമായ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനാണ് ചില്ലർ. ഉപഭോക്താവിന്റെ ബാങ്ക്അക്കൗണ്ടുമായി നേരിട്ടു ബന്ധപ്പെട്ടാണ് ചില്ലറിന്റെ പ്രവർത്തനം.

പല ബാങ്കുകളെകൂട്ടിയിണക്കുന്ന ഇന്ത്യയിലെ ഏക ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ ആയതിനാൽ ചില്ലറിലൂടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി ഒരേസമയം ഇടപാടുകൾ നടത്താൻ കഴിയും. എല്ലാ ബാങ്കിംഗ് സേവനങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താവിന് ലഭ്യമാകും. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണംകൈമാറ്റം കൂടുതൽ വേഗത്തിലും സുരക്ഷിതമായും തത്സമയം നടക്കും. എസ്എംഎസുകളുടെ ആവശ്യവും വരുന്നില്ല. ഈ സൗകര്യം ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

ചില്ലർ ആപ് ബാങ്കുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ഇടപെടലില്ലാതെ ഇടപാടുകൾ നടത്താമെന്നതാണ് പ്രത്യേകത. ബാങ്ക് നൽകുന്ന സുരക്ഷിതമായ പിൻ നമ്പറിലൂടെയാണ് ഇതു സാധ്യമാകുന്നത്. മറ്റ് ബാങ്കുകളിലേക്ക് പണംകൈമാറുന്നതിന് ഇപ്പോൾ എടുക്കുന്ന സമയദൈർഘ്യം ചില്ലർ വഴിയുള്ള ഇടപാടുകളിൽ ഇല്ലാതാകും. ഇടപാടുകൾക്ക് പൂർണസുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തിരിക്കുന്നു. ലളിതമായ ഉപയോഗക്രമമുള്ള ഈ ആപ്പ് ആൻഡ്രോയ്ഡ്, വിൻഡോസ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

കൂടുതൽ ഡിജിറ്റൽസേവനങ്ങൾ നൽകുന്നതിലൂടെ ബാങ്കിംഗ് സേവനങ്ങളിൽ മാതൃകാപരമായ മാറ്റമുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഫെഡറൽ ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് വിഭാഗം മേധാവി കെ.എ. ബാബു പറഞ്ഞു.

പണംകൈമാറ്റം അതിവേഗത്തിലും പരിധിയില്ലാതെയും നടത്താൻ ഫെഡറൽ ബാങ്ക്, ചില്ലറിലൂടെ അവസരമൊരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചില്ലർ സിഇഒയും ഇന്ത്യയിലെ പ്രമുഖ കാമ്പസ്സ്റ്റാർട്ടപ്പായ മോബ്മി വയർലെസിന്റെ സ്ഥാപകരിലൊരാളുമായ സോണി ജോയ് പറഞ്ഞു. പണമിടപാടുകളിലെ കുത്തക കറൻസി സമ്പ്രദായങ്ങൾ മറികടന്ന് ഇന്ത്യയിലെ ബാങ്കിംഗ്, സാമ്പത്തിക സേവന രംഗങ്ങളിൽ പൊളിച്ചെഴുത്തു നടത്തുകയാണ് ചില്ലറിന്റെ ലക്ഷ്യമെന്നും സോണി പറഞ്ഞു.