ഓൺലൈൻ കാർ വായ്പയുമായി ഫെഡറൽ ബാങ്ക്

Posted on: May 18, 2016

Federal-Bank-Logo-new-big

കൊച്ചി : ആദ്യത്തെ ഡിജിറ്റൽ കാർ വായ്പയായ ബിവൈഒഎം കാർ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ബാങ്ക് ശാഖയിൽ ഒരു തവണപോലും പോകാതെ, ഇടപാടുകാർക്ക് ഓൺലൈനായി കാർ വായ്പ ലഭ്യമാക്കുന്ന ഇടമാണിത്. വാങ്ങാനുദ്ദേശിക്കുന്ന കാർ, ഡീലർ, വായ്പാത്തുക എന്നിവ തീരുമാനിക്കാനും ഓൺലൈനായിത്തന്നെ വായ്പ അനുവദിച്ചുകിട്ടാനും ഡീലറിൽ നിന്ന് നേരിട്ട് കാർ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. ബാങ്കിന്റെ ബീ യുവർ ഓൺ മാസ്റ്റർ (ബിവൈഒഎം) എന്ന ഡിജിറ്റൽ സംരംഭത്തിനുകീഴിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ എറണാകുളത്തേയും മുംബൈയിലേയും പ്രീ അപ്രൂവ്ഡ് ഇടപാടുകാർക്കാണ് ഈ സൗകര്യം ലഭ്യമാകുക.

ബിവൈഒഎമ്മിനു കീഴിൽ ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഡിജിറ്റൽ വാഗ്ദാനമാണ് ഓൺലൈൻ കാർ വായ്പ. നിക്ഷേപത്തിന്മേൽ ഓൺലൈനായി വായ്പ ലഭ്യമാക്കുന്ന ഫെഡ്ഇക്രെഡിറ്റ് ആയിരുന്നു ആദ്യത്തേത്.

ഇടപാടുകാർക്ക് മറ്റെങ്ങുമില്ലാത്ത സൗകര്യങ്ങൾ ഡിജിറ്റൽ ഉത്പന്നങ്ങളിലൂടെയും സുഗമമായ പ്രവർത്തനത്തിലൂടെയും ലഭ്യമാക്കാൻ ഫെഡറൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും ബിവൈഒഎം കാർ ഈ ദിശയിലുള്ള മറ്റൊരു നൂതന കാൽവയ്പാണെന്നും ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു.