വിദ്യാർഥികൾക്ക് ക്യാമ്പസ് വാലറ്റുമായി ഫെഡറൽ ബാങ്ക്

Posted on: April 11, 2016

Federal-campus-wallet-Big

കൊച്ചി : സ്റ്റാർട്ടപ്പ് സാങ്കേതിക ഉൽപന്നമായ ക്യാമ്പസ് വാലറ്റ് പ്രചരിപ്പിക്കുന്നതിനായി സാങ്കേതികവിദ്യാസ്റ്റാർട്ടപ്പ് സംരംഭമായ ചില്ലർ പേയ്‌മെന്റ് സൊല്യൂഷൻസുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു. ബാങ്കിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡാണ് ക്യാമ്പസ് വാലറ്റ്. ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ സ്‌കൂളിലേയും കോളജുകളിലേയും ചില്ലറ ചെലവുകൾ നൽകാൻ സഹായിക്കുന്ന ഈ തിരിച്ചറിയിൽ കാർഡ് സ്‌കൂൾ കോളജ് ക്യാമ്പസുകളിലെ ഭരണനിർവഹണം കൂടുതൽ എളുപ്പത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

ഫെഡറൽ ബാങ്കിന്റെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി രക്ഷിതാക്കൾക്ക് താത്പര്യമുള്ള തുക കുട്ടികളുടെ ഈ കാർഡുകളിലേക്ക് തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ്‌വഴിയോ മുൻകൂട്ടി നിക്ഷേപിക്കാം.

ക്യാമ്പസുകളിലെ സ്റ്റോറുകൾ, കാന്റീൻ, ലൈബ്രറിതുടങ്ങിയ ഇടങ്ങളിൽ നൽകേണ്ട പണം പ്രസ്തുത ഇടങ്ങളിൽസ്ഥാപിച്ചിട്ടുള്ള പ്രത്യേക സൈ്വപ്പിംഗ് മെഷീൻ ഉപയോഗിച്ച് ഈ കാർഡിൽ നിന്ന് നൽകാൻ കുട്ടികൾക്ക് സാധിക്കും. അതത് ക്യാമ്പസുകളിൽ മാത്രമേ ഈ വാലറ്റ് ഉപയോഗിക്കാനാകുകയുള്ളുവെന്നതിനാൽ ഇതുവഴിയുള്ള പണമിടപാടുകൾ നിയന്ത്രിക്കാൻ രക്ഷകർത്താക്കൾക്ക് സാധിക്കുകയും ചെയ്യും.

അതു കൂടാതെ ലൈബ്രറികളിൽ നിന്നെടുക്കുന്ന പുസ്തകങ്ങളെപ്പറ്റിയും കാന്റീനുകളിൽ നിന്നു വാങ്ങുന്ന ഭക്ഷണത്തെപ്പറ്റിയുമെല്ലാമുള്ള വിശദാംശങ്ങൾ റിപ്പോർട്ടുകളായും സന്ദേശങ്ങളായും രക്ഷിതാക്കൾക്കു ലഭിക്കുമെന്നതും ഈ പുതുതലമുറ ഐഡി കാർഡിന്റെ പ്രത്യേകതയാണ്. റിസൽട്ട് അപ്‌ഡേഷൻ, കാർഡ് റീച്ചാർജ്, ചെലവു രീതികൾ പിന്തുടരൽ, ഇ-ഡയറി, അവധി അപേക്ഷ, അധ്യാപകരുമായുള്ള ആശയവിനിമയം തുടങ്ങിയ വിവിധ സൗകര്യങ്ങളോടുകൂടിയ സൗജന്യ ആപ് രക്ഷിതാക്കൾക്ക് ചില്ലർ ലഭ്യമാക്കുമെന്ന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ മോഹൻ കെ. പറഞ്ഞു.