മൊബൈൽ റീചാർജ് ചെയ്യാൻ മിസ്ഡ് കോൾ സൗകര്യവുമായി ഫെഡറൽ ബാങ്ക്

Posted on: December 7, 2015

Federal-Bank-Logo-new-big

കൊച്ചി : മിസ്ഡ് കോളിലൂടെ ഉപഭോക്താക്കൾക്ക് മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് ഫെഡറൽ ബാങ്ക് സൗകര്യമൊരുക്കി. ചെന്നൈയിലെ ദുരന്തബാധിത മേഖലകളിലുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടു കൂടി അധികസമയം പ്രവർത്തിച്ചാണ് ബാങ്ക് ഈ സൗകര്യം സജ്ജമാക്കിയത്.

ഈ സേവനം ലഭ്യമാക്കുന്നതിനായി ബാങ്കിൽ അക്കൗണ്ട് ഉള്ള വ്യക്തി, റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. ഇതിനായി ACTMOB എന്ന് ടൈപ്പ് ചെയ്തശേഷം റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പറും തുകയും അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്കവും (ACTMOB<space><BeneficiaryMobileNumber><space><rechargeamount><space><last three digits of the account number) എന്ന ക്രമത്തിൽ 9895088888 എന്ന നമ്പറിലേക്ക് അയയ്ക്കണം.

അവരവരുടെ ഫോണോ മറ്റുള്ളവരുടെ ഫോണോ ഇത്തരത്തിൽ റീചാർജിനായി രജിസ്റ്റർ ചെയ്താൽ പിന്നീട് റീ ചാർജ് ചെയ്യേണ്ട നമ്പറിൽ നിന്ന് 8431700700 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താലുടൻ ഫോൺ റീചാർജാകുകയും തുക അക്കൗണ്ടിൽ നിന്ന് കുറവുചെയ്യുകയും ചെയ്യും. ഒരു അക്കൗണ്ടിൽ നിന്ന് ഒരു ദിവസം പരമാവധി 500 രൂപവരെ ഇത്തരത്തിൽ റീചാർജ്ചെയ്യാൻ സാധിക്കും. ഈ സേവനത്തെപ്പറ്റി കൂടുതലറിയാൻ ഇടപാടുകാർ 18004251199 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.