ഫെഡ് ബുക്ക് സെൽഫി റഫറൽ പ്രോഗ്രാമുമായി ഫെഡറൽ ബാങ്ക്

Posted on: November 18, 2015

Fedbook-Selfie-Big

കൊച്ചി : ഇടപാടുകാർക്കായി പ്രത്യേക റിവാർഡ് പ്രോഗ്രാം ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു. തങ്ങളുടെ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഫെഡ്ബുക് സെൽഫി സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുന്നതിന് നിർദേശിക്കുന്ന നിലവിലുള്ള ഇടപാടുകാർക്ക് ഒരു അക്കൗണ്ടിന് 50 രൂപ വീതം കാഷ് ഇൻസന്റീവ് നൽകുന്ന പദ്ധതിയാണിത്. പുതിയ അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കപ്പെട്ടാൽ ഉടൻ, നിർദേശിച്ച ഇടപാടുകാരന്റെ അക്കൗണ്ടിൽ ഇൻസെന്റീവ് തുക ക്രെഡിറ്റ് ചെയ്യും.

ബാങ്ക് അക്കൗണ്ട്് തുടങ്ങുന്നതിനുള്ള രാജ്യത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷനാണ് ഫെഡ്ബുക് സെൽഫി. ഇന്ത്യയിൽത്തന്നെ താമസിക്കുന്ന ഇന്ത്യക്കാർക്ക് എവിടെനിന്നു വേണമെങ്കിലും സെൽഫി ഫോട്ടോഗ്രാഫ് എടുത്തും ആധാർ കാർഡ് സ്‌കാൻ ചെയ്തും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സ്വയം തുറക്കാൻ സഹായിക്കുന്ന ഡു ഇറ്റ്-യുവേഴ്‌സ് സെൽഫ് ആപ്പാണിത്.

ഇതുവഴി ആധാർ അപ്പോൾതന്നെ പരിശോധിക്കുകയും അക്കൗണ്ട് തുടങ്ങി അക്കൗണ്ട് നമ്പർ നൽകുകയും ചെയ്യും. ഫെഡ്‌നെറ്റ്, ഫെഡ്‌മൊബൈൽ, ഫെഡ്ബുക്, സ്‌കാൻ ആൻഡ് പേ തുടങ്ങിയ നൂതന ഡിജിറ്റൽ സങ്കേതങ്ങളിലൂടെ രാജ്യത്തുടനീളമുള്ള ഇടപാടുകാരുമായി നിരന്തര സമ്പർക്കം പുലർത്താനും നൂതനങ്ങളായ ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കാനുമുള്ള ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയുടെ ഏറ്റവും പുതിയ വാഗ്ദാനമാണ് ഫെഡ്ബുക് സെൽഫി.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് നിലവിലുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് ഫെഡ്ബുക് സെൽഫിയെന്നും ഫെഡറൽ ബാങ്ക് മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെന്നും ബാങ്കിന്റെ റീട്ടെയ്ൽ ബിസിനസ് വിഭാഗം മേധാവി കെ. എ. ബാബു പറഞ്ഞു.