ഗിഫ്റ്റ് സിറ്റിയിൽ ഫെഡറൽ ബാങ്കിന്റെ ഐഎഫ്എസ്‌സി ബാങ്കിംഗ് യൂണിറ്റ്

Posted on: November 11, 2015

Federal-Bank-GIFT-Inaug-Big

കൊച്ചി : ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്‌സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റർ (ഐഎഫ്എസ്‌സി) ബാങ്കിംഗ് യൂണിറ്റ് (ഐബിയു) തുറക്കുന്ന രണ്ടാമത്തെ ബാങ്കായി ഫെഡറൽ ബാങ്ക് മാറി. ഗിഫ്റ്റ് സിറ്റിയിലെ യൂണിറ്റ് വിദേശ ശാഖകൾക്ക് തുല്യമായതിനാൽ ഇന്ത്യയ്ക്കുള്ളിൽ നിന്നുകൊണ്ട് അത്തരം പ്രവർത്തനങ്ങൾ നടത്താൻ ബാങ്കിന് സാധിക്കും. ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് ഖജുരിയയാണ് ഐബിയു ഉദ്ഘാടനം ചെയ്തത്. യൂണിറ്റ് മേധാവിയും വൈസ് പ്രസിഡന്റുമായ ടോമി ജോണും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ഐബിയു തുറന്നതോടെ വ്യക്തികൾ, റീട്ടെയ്ൽ ഇടപാടുകാർ, എച്ച്എൻഐകൾ എന്നിവയൊഴികെയുളള വിദേശസ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ വിദേശകറൻസിയിലുളള ധനകാര്യഇടപാടുകൾ എന്നിവ കൈകാര്യം ചെയ്യാൻ ബാങ്കിന് സാധിക്കും. ഇന്ത്യയിൽ നിന്നുളള കയറ്റുമതിക്കാരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കുന്ന വിദേശ സ്ഥാപനങ്ങൾ, ഇന്ത്യൻ കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിൽ വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുളള സബ്‌സിഡയറി ജോയിന്റ് വെഞ്ച്വർ സ്ഥാപനങ്ങൾ, എന്നിവയുമായി ഇടപാട് നടത്തുവാനും ഇതിലൂടെ ബാങ്കിന് സാധിക്കും.

ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള വിദേശകറൻസികളിലുളള കടപ്പത്രങ്ങൾ സ്വീകരിക്കാനും ബാങ്കിന് അനുമതിയുണ്ട്. ഇതു കൂടാതെ ബാങ്കിന് ആഭ്യന്തര ഇടപാടുകാർക്ക് തങ്ങളുടെ വിദേശനാണയ ആവശ്യങ്ങൾ നിറവേറ്റാൻ എക്‌സ്റ്റേണൽ കമേഴ്‌സ്യൽ ബോറോവിംഗ്‌സ് (ഇസിബി) മുഖാന്തരം വായ്പ നൽകാൻ സാധിക്കും.

TAGS: Federal Bank |