ബഹുഭാഷ മൊബൈൽ ബാങ്കിംഗുമായി ഫെഡറൽ ബാങ്ക്

Posted on: October 24, 2015

Federal-Bank-MT-releasing-m

കൊച്ചി : മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈൽ മലയാളം ഹിന്ദി ഭാഷകളിൽകൂടി ലഭ്യമാക്കിയതോടെ മൊബൈൽ ബാങ്കിംഗിന് ഒന്നിലേറെ ഭാഷകളുപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ഫെഡറൽ ബാങ്ക് മാറി. വിദ്യാരംഭ ദിവസം തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ ഫെഡ്‌മൊബൈലിന്റെ മലയാളം പതിപ്പ് രാഷ്ട്രത്തിനു സമർപ്പിച്ചു. ബാങ്കിന്റെ ഡിജിഎമ്മും കോഴിക്കോട് സോണൽ മേധാവിയുമായ വർഗീസ് ടി.എ, എജിഎമ്മും മലപ്പുറം റീജണൽ മേധാവിയുമായ ഷാജി കെ. വി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

ആൻഡ്രോയ്ഡ് ഫോണുകളിലാണ് ഇപ്പോൾ ബഹുഭാഷകളിലുള്ള സേവനം ലഭ്യമാകുക. വൈകാതെ ഇത് ഐഒഎസിലേക്കും വ്യാപിപ്പിക്കും. ബാങ്കിന്റെ ഇടപാടുകാരിൽ പ്രബലമായ ഒരു വിഭാഗം മലയാളവും ഹിന്ദിയും സംസാരിക്കുന്നവരായതിനാൽ പുതിയ സൗകര്യം അവർക്ക് ഏറെ ഗുണകരമാകുമെന്നും ഫെഡ്‌മൊബൈൽ കൂടുതൽ ആളുകളിലെത്തിച്ചേരാൻ ഇത് സഹായകമാകുമെന്നും ബാങ്കിന്റെ റീട്ടെയ്ൽ ബിസിനസ് മേധാവി കെ. എ. ബാബു പറഞ്ഞു.

ഫോട്ടോ: ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈലിന്റെ മലയാളം പതിപ്പ് വിദ്യാരംഭ ദിനത്തിൽ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ രാഷ്ട്രത്തിനു സമർപ്പിക്കുന്നു. ബാങ്കിന്റെ ഡിജിഎമ്മും കോഴിക്കോട് സോണൽ മേധാവിയുമായ വർഗീസ് ടി. എ, എജിഎമ്മും മലപ്പുറം റീജ്യണൽ മേധാവിയുമായ ഷാജി കെ. വി. എന്നിവർ സമീപം.