അക്കൗണ്ട് തുറക്കാൻ മൊബൈൽ ആപ്പുമായി ഫെഡറൽ ബാങ്ക്

Posted on: August 17, 2015

Federal-Bank-Fed-Book-Launc

കൊച്ചി : ബാങ്ക് അക്കൗണ്ട് തുടങ്ങാനായി രാജ്യത്തെ ആദ്യ മൊബൈൽ ആപ്പ് പുറത്തിറക്കി ഫെഡറൽ ബാങ്ക് ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. മുംബൈ, കൊച്ചി തുടങ്ങി രണ്ടു നഗരങ്ങളിലായി ഈ മൊബൈൽ ആപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നു. മുംബൈയിൽ ഇന്ത്യാ ഇൻഫോലൈൻ കാമ്പസിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ചെയർമാൻ നിലേഷ് ശിവ്ജി വികംസേയും ഐഐഎഫ്എൽ മാനേജിംഗ് ഡയറക്ടർ ആർ. വെങ്കട്ടരാമനും, കൊച്ചിയിൽ വീഗാർഡ് കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനും വീഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയും ചേർന്ന് മൊബൈൽ ആപ്പ് പുറത്തിറക്കി.

പുതിയ സേവനങ്ങൾ തുടർച്ചയായി അവതരിപ്പിക്കുന്ന ഫെഡറൽ ബാങ്ക് തങ്ങളുടെ ഇ-പാസ്ബുക്ക് ആപ്പായ ഫെഡ്ബുക്കിന്റെ അപ്‌ഗ്രേഡായാണ് ഈ മൊബൈൽ അധിഷ്ഠിത അക്കൗണ്ട് ഓപ്പണിങ്ങ് സൗകര്യം പുറത്തിറക്കിയത്. രണ്ടു വർഷം മുൻപ് പുറത്തിറക്കിയ ഫെഡ്ബുക്ക് ബാങ്കിംഗ് രംഗത്തു ഇ പാസ് ബുക്ക് എന്ന പുതിയൊരു ശൈലിക്കു തുടക്കം കുറിച്ചിരുന്നു.

ഫെഡ്ബുക്കിന്റെ പുതിയ പതിപ്പിലൂടെ ആധാർ കാർഡും പാൻ കാർഡുമുള്ള ഏതു വ്യക്തിക്കും ഏതു സമയത്തും മൊബൈൽ ഉപയോഗിച്ച് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഉടൻ തന്നെ അക്കൗണ്ട് നമ്പറും ലഭിക്കും. കൂടാതെ ഈ അക്കൗണ്ടിലേക്ക് ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ വഴി 10,000 രൂപ വരെ പ്രാഥമിക നിക്ഷേപമായി അടയ്ക്കുവാനും സാധിക്കും.

പുതിയ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ മൊബൈലിൽ ഫെഡ്ബുക്ക് ഡൗൺലോഡു ചെയ്ത ശേഷം ലളിതമായ മൂന്നു കാര്യങ്ങളിലൂടെ അക്കൗണ്ട് തുറക്കാനാവും. അതായത്, ഒരു സെൽഫി എടുക്കുക, ആധാർ കാർഡും പാൻ കാർഡും സ്‌ക്കാൻ ചെയ്യുക എന്നിവയാണിത്. ഇതോടൊപ്പം ഈ ആപ്പ് ആധാർ ഓൺലൈനായി പരിശോധിക്കും. അതിനു ശേഷം ഒരൊറ്റ ക്ലിക്കിൽ അക്കൗണ്ട് തുറക്കുകയും അക്കൗണ്ട് നമ്പർ ലഭ്യമാക്കുകയും ചെയ്യും. അക്കൗണ്ട് തുറന്നു കഴിഞ്ഞാൻ ആപ്പ് ഉപഭോക്താവിനു വേണ്ടിയുള്ള ഡിജിറ്റൽ പാസ്ബുക്കായി സ്വയം മാറുകയും ചെയ്യും. ഇപ്പോൾ ആൻഡ്രോയ്ഡ്, ഐഒഎസ്. ഫോണുകളിൽ ലഭ്യമായ ഈ ആപ്പ് ഉടൻ തന്നെ വിൻഡോസ്, ബ്ലാക്ക്‌ബെറി ഫോണുകളിലും ലഭ്യമാകും.