ഫെഡറൽ ബാങ്ക് എടിഎം വഴി മൊബൈൽ ടോപ് അപ്പ് സൗകര്യം

Posted on: June 9, 2015

Federal-Bank-ATM-big

കൊച്ചി : ഫെഡറൽ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട എടിഎമ്മുകൾ വഴി ഇനി മൊബൈൽ ഫോൺ ടോപ് അപ്പ് ചെയ്യാം. എടിഎമ്മുകളുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനായി മൂന്ന് മൂല്യവർധിത സേവനങ്ങളാണ് ബാങ്ക് പുതുതായി ആവിഷ്‌കരിച്ചിട്ടുള്ളത്. ആകെയുള്ള 1400 ൽപ്പരം എടിഎമ്മുകളിൽ 800 എണ്ണത്തിലാണ് ഇപ്പോൾ ഈ സേവനം ലഭ്യമാകുന്നത്.

14 മൊബൈൽ സേവനദാതാക്കളുടെ ടോപ് അപ്പുകളാണ് എടിഎം വഴി ലഭ്യമാക്കിയിട്ടുള്ളത്. സേവനത്തിന് പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ വളരെ എളുപ്പത്തിൽ മൊബൈൽ ടോപ് അപ്പ് ചെയ്യാൻ സാധിക്കും. ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഉപഭോക്താക്കൾക്കും സൗകര്യപ്രദമായി മൊബൈൽ റീചാർജ് ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

മൊബൈൽ ടോപ് അപ്പിന് പുറമെ അതിവേഗം എടിഎമ്മിലൂടെ പണം പിൻവലിക്കാനുള്ള ഇന്റലിജന്റ് ഫാസ്റ്റ് കാഷ്, ഇടപാടുകൾക്കായി ഇഷ്ടഭാഷ തെരഞ്ഞെടുക്കാൻ ഉതകുന്ന ലാംഗ്വേജ് പ്രിഫറൻസ് എന്നീ സൗകര്യങ്ങളുമാണ് പുതുതായി ഏർപ്പെടുത്തുന്നത്. പണം പിൻവലിക്കുന്നതിനുള്ള സമയം നാലിലൊന്നായി കുറയ്ക്കാൻ സാധിക്കും.

എടിഎമ്മുകൾ വഴി മൊബൈൽ ടോപ് അപ്പ് ചെയ്യുന്നത് സുരക്ഷിതമായ രീതിയാണെന്നും ഇടപാടുകാർ ഡെബിറ്റ് കാർഡ് നമ്പറോ പിൻ നമ്പരോ വെബ്‌സൈറ്റിൽ നൽകേണ്ടതില്ലെന്നും ഫെഡറൽ ബാങ്ക് റീട്ടെയ്ൽ മേധാവി കെ. എ. ബാബു പറഞ്ഞു.