ബംഗലൂരു വിമാനത്താവളത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം 3.33 കോടി യാത്രക്കാര്‍

Posted on: April 24, 2019

ബംഗലൂരു : യാത്രക്കാരുടെ എണ്ണത്തില്‍ ബംഗലൂരു കെം പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച നേട്ടം.

മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 29.3 ശതമാനത്തിന്റെ വര്‍ധനയാണ് 2018-19 സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. 3,33,07,913 യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ സഞ്ചരിച്ചുവെന്നാണ് കണക്ക്. 2017-18 സാമ്പത്തികവര്‍ഷം യാത്രക്കാരുടെ എണ്ണം 2,69,10,431 ആയിരുന്നു.

ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തില്‍ 24.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 17.5 ശതമാനമാണ് വര്‍ധന. നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

2021-ഓടെ രണ്ടാം ടെര്‍മിനലിന്റെ പണി പൂര്‍ത്തിയാക്കും. നഗരവുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്കും സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയും പൂര്‍ത്തിയാകും.