പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബി എസ് 6 ആയി

Posted on: January 24, 2020

കൊച്ചി: ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ പിയാജിയോ വെഹിക്കിള്‍സ് (ഇന്ത്യ) ലിമിറ്റഡിന്റെ ത്രിചക്ര വാഹനങ്ങളെല്ലാം മലിനീകരണം പരമാവധി കുറക്കാന്‍ സഹായകമാം വിധം ഭാരത് സ്റ്റേജ് (ബിഎസ്) 6 മാനദണ്ഡത്തിൽ
ലഭ്യമായിത്തുടങ്ങി. എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ.

ദി ഫെര്‍ഫോര്‍മന്‍സ് റെയ്ഞ്ച് എന്ന നാമകരണത്തോടെ ഡീസല്‍, സിഎന്‍ജി, എല്‍പിജി വാഹനങ്ങള്‍ കമ്പനി ഇതോടൊപ്പം വിപണിയിലെത്തിച്ചിട്ടുണ്ട്. 7 കിലോ വാട്ട് കരുത്തും 23.5 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 599 സിസി എഞ്ചിനാണ് പുതിയ ഡീസല്‍ വാഹനങ്ങളുടേത്. 5 -സ്പീഡ് ഗിയര്‍ ബോക്‌സും പുതിയ അലുമിനിയം ക്ലച്ചും വാഹനത്തിന്റെ ചരക്ക് വഹിക്കാനുള്ള ശേഷിയും വേഗതയും വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ഇവയുടെ ക്യാബിന്‍ വലുപ്പവും ഉയരവും കൂടിയതായതിനാല്‍ ഡ്രൈവര്‍ക്ക് സൗകര്യപ്രദമായി ജോലിചെയ്യാന്‍ കഴിയും.പുതിയ ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കായി സുരക്ഷാ വാതിലുകളുണ്ട്. സിഎന്‍ജി, എല്‍പിജി ഓട്ടോറിക്ഷകളില്‍ 230 സിസി 3-വാള്‍വ് ഹൈ-ടെക് എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ശബ്ദം കുറഞ്ഞ അനായാസമായ യാത്ര ഇതുവഴി സാദ്ധ്യമാകുന്നു.ഈ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിയതോടെ ത്രിചക്ര ചരക്ക്-യാത്രാ വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ് പിയാജിയോ.

പുതിയ ബിഎസ് 6 ശ്രേണിയുടെ വില (എക്‌സ്-ഷോറൂം) ഡീസലാണെങ്കില്‍ അതേ മോഡല്‍ ബിഎസ്4-നെക്കാള്‍ 45,000 രൂപയും ഇതര ഇന്ധന മോഡലുകളാണെങ്കില്‍ 15,000 രൂപയും കൂടുതലായിരിക്കും.

എല്ലാ ഉത്പന്നങ്ങളും ബിഎസ് 6 മാനദണ്ഡത്തിൽ വിപണിയിലിറക്കുന്ന രാജ്യത്തെ പ്രഥമ ത്രിചക്ര വാഹന നിര്‍മാതാക്കളാവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പിയാജിയോ വെഹിക്കിള്‍സ്  മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡിയഗോ ഗ്രാഫി പറഞ്ഞു. വളരെ മുന്‍പ് തന്നെ തയ്യാറെടുപ്പാരംഭിച്ചതിനാലാണ് ബിഎസ്4-ല്‍ നിന്ന് ബിഎസ് 6-ലേക്കുള്ള മാറ്റം ഇത്ര വേഗം സാധിച്ചത്.

പുതുമയും മികവുറ്റ സാങ്കേതികവിദ്യയിലൂടെ ഉയര്‍ന്ന സേവനം ലഭ്യമാക്കാനുള്ള കമ്പനിയുടെ കഴിവും ഒരിക്കല്‍കൂടി വിളിച്ചോതുന്നതാണ് പുതിയ പെര്‍ഫോര്‍മന്‍സ് റെയ്ഞ്ച് എന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കാര്‍ഗോ വെഹിക്കിള്‍സ് വിഭാഗം ബിനസ് തലവനുമായ സാജൂ നായര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഭാരം വഹിക്കാനും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താനും സഹായകമായ പവര്‍മാക്‌സ് ഡീസല്‍ ശ്രേണി വാഹന ഉടമകള്‍ക്ക് അനുഗ്രഹമാകും. കൂടാതെ 42 മാസത്തെ വാറണ്ടിയും മെയിന്റനന്‍സ് ഇന്റര്‍വല്‍ പരിഷ്‌കരിച്ചതും അവര്‍ക്ക് സാമ്പത്തിക നേട്ടം തന്നെയാണ്. അതുപോലെ തന്നെ സ്മാര്‍ട് എഎഫ് ഏറ്റവും മികച്ച പിക്-അപ്, എന്‍വിഎച്ച് അര്‍ബന്‍ ഡ്രൈവബിലിറ്റി എന്നിവയുടെ പരമകോടിയാണ്. 36 മാസത്തെ വാറണ്ടി മൂലം മെയിന്റനന്‍സ് ചാര്‍ജ് കുറയുന്നതും സൂപ്പര്‍ സേവര്‍ ഫ്രീ മെയിന്റനന്‍സ് സ്‌കീമും കൂടിയാവുമ്പോള്‍ ഇത് വാഹനം സ്വന്തമാക്കുന്നവരെ സംബന്ധിച്ചേടത്തോളം മികച്ച തീരുമാനം തന്നെയായിരിക്കുമെന്ന് സാജൂ നായര്‍ പറഞ്ഞു.

ബിഎസ് 6-ലേക്ക് നേരത്തെ തന്നെ ചേക്കേറാന്‍ കഴിഞ്ഞത് സമയത്ത് സ്റ്റോക്ക് എത്തിക്കാൻ
കമ്പനിക്ക് സഹായകമാവുമെന്ന് മാർക്കറ്റിംഗ്, പ്രൊഡക്റ്റ് മാർക്കറ്റിംഗ് ആൻഡ്
ചാനല്‍ മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് മലിന്ദ് കപൂര്‍ അഭിപ്രായപ്പെട്ടു. 2020-ഏപ്രില്‍ ഒന്നാണ് ബിഎസ്6-ലേക്ക് മാറാനുള്ള അവസാന തീയതി എന്നിരിക്കെ കാര്യങ്ങള്‍ എളുപ്പമാകും. ഡീസല്‍ വിഭാഗത്തില്‍ പിയാജിയോ എന്നും ഒന്നാം സ്ഥാനത്തായിരുന്നു. പുതുതായി പുറത്തിറങ്ങിയ പവര്‍-മാക്‌സ് 599 സിസി ബിഎസ്6 ഈ വിഭാഗത്തില്‍ കമ്പനിയുടെ കരുത്ത് കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് തീര്‍ച്ചയാണെന്ന് കപൂര്‍ പറഞ്ഞു.