ഡൽഹിയിൽ പൊതുഗതാഗത സൗകര്യവുമായി ഊബർ

Posted on: October 23, 2019

ന്യൂഡൽഹി : ഊബർ ന്യൂഡൽഹിയിൽ പൊതുഗതാഗത സൗകര്യം അവതരിപ്പിച്ചു. ഊബർ ആപ്പിലെ വിവരങ്ങളുടെയും ദിശകളുടെയും അടിസ്ഥാനത്തിൽ ആളുകൾക്ക് അവരുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന ഏഷ്യാ പസിഫിക്കിലെ രണ്ടാമത്തെ നഗരമായി ന്യൂഡൽഹി മാറി.

ന്യൂഡൽഹിയിലെ ഊബർ യാത്രക്കാർക്ക് ഇനി ഈ പൊതു ഗതാഗത പ്ലാനിംഗ് ഫീച്ചർ ആപ്പിലൂടെ ലഭ്യമാകും. സാധ്യമായ യാത്രാ അവസരങ്ങൾ തെരഞ്ഞെടുക്കാനും അനായാസം യാത്രാ വിവരങ്ങൾ ലഭിക്കാനും ഇതു വഴിയൊരുക്കും.

ഊബറിന്റെ സാങ്കേതികവിദ്യ ദശലക്ഷക്കണക്കിന് ആളുകൾക്ക് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം സമയവും പണവും ലാഭിക്കുന്ന മികച്ച പങ്കാളിത്ത മൊബിലിറ്റി തെരഞ്ഞെടുക്കാൻ സഹായമാകുന്നുവെന്നും ഊബർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാരാ ഖൊസ്രോവ്ഷാഹി പറഞ്ഞു.

പൊതു ഗതാഗതം അവതരിപ്പിക്കുന്നതിലൂടെ നഗരത്തിന്റെ ഹാർട്ട്ലൈൻ, ഡൽഹി മെട്രോ, ഡിടിസി തുടങ്ങിയവയുടെ വിവരങ്ങളെല്ലാം ഊബർ ആപ്പിൽ ലഭ്യമാക്കുന്നുവെന്ന് ഊബർ ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരൻ പറഞ്ഞു.

TAGS: Uber |