ഹോണ്ട ആക്ടിവ ജനുവരിയിൽ 2 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു

Posted on: February 28, 2016

Honda-Activa-New-3G-Big

കൊച്ചി : ഹോണ്ട ആക്ടിവ 2016 ജനുവരിയിൽ 2 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു. രാജ്യത്ത് കഴിഞ്ഞ 5 മാസങ്ങളിലും ഏറ്റവും കൂടുതൽ വിറ്റ ഇരുചക്ര വാഹനവും ആക്ടിവയാണ്. ജനുവരിയിൽ ആക്ടിവയുടെ വിൽപന 210,123 യൂണിറ്റുകളായിരുന്നു. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇതര കമ്പനിയുടെ മോഡലിനേക്കാളും നാലിരട്ടിയാണ് ജനുവരിയിൽ ആക്ടിവയുടെ വിൽപന.

ഏപ്രിൽ മുതൽ ജനുവരിവരെയുള്ള നടപ്പ് ധനകാര്യ വർഷത്തിൽ രാജ്യത്ത് മൊത്തം വിൽപനയായ ഇരുചക്രവാഹനങ്ങളുടെ 30 ശതമാനവും ഓട്ടോമാറ്റിക് സ്‌കൂട്ടറുകളായിരുന്നു. ഹോണ്ടയുടെ നാല് പ്ലാന്റുകളിലും (ഹരിയാന, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്) ആക്ടിവ നിർമ്മിച്ചുവരുന്നു.

ഹോണ്ട ഈയിടെ വിപണിയിലെത്തി്ച്ച 110 സിസി ബൈക്കായ ലിവോയുടെ വിൽപന 1 ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന 10 മോഡലുകളിൽ ലിവോ സ്ഥാനം പിടിച്ചിരിക്കുകയാണിപ്പോൾ. 110 സിസി മോട്ടോർ ബൈക്ക് വിപണിയിൽ 6 ശതമാനം തകർച്ച അനുഭവപ്പെട്ട സാഹചര്യത്തിലാണ് ലിവോ വൻ മുന്നേറ്റം കാഴ്ചവെച്ചത്.

125 സിസി മോട്ടോർ സൈക്കിൾ സീബി ഷൈനിന്റെ വിൽപന ജനുവരിയിൽ 23 ശതമാനം വർധിച്ച് 76,562 യൂണിറ്റുകളായി. ഈ വിഭാഗത്തിൽ ഹോണ്ടയുടെ വിപണി വിഹിതം ഇപ്പോൾ 46 ശതമാനമാണ്. ഇപ്പോൾ ഹോണ്ടയുടെ വാർഷിക ഇരുചക്രവാഹന ഉത്പാദന ശേഷി നാല് പ്ലാന്റുകളിലുമായി 58 ലക്ഷമായിട്ടുണ്ട്.

2016 ഹോണ്ടയെ സംബന്ധിച്ചേടത്തോളം ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) വൈ. എസ്. ഗൂലേറിയ പറഞ്ഞു.