ഫെറാറി ചലഞ്ച് സീരീസിൽ സിംഘാനിയയ്ക്ക് രണ്ടാം സ്ഥാനം

Posted on: November 10, 2015

Raymonds-Singhania-Ferrari-

കൊച്ചി : റെയ്മണ്ട് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ ഫെറാറി ചലഞ്ച് സിരീസ് ഇ യു 2015 ലോക കാറോട്ട മത്സരത്തിൽ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒരു വർഷം ദീർഘിച്ച ഫെറാറി ചലഞ്ച് പരമ്പരയിൽ 14 മത്സരങ്ങളിൽ നിന്നായി 171 പോയിന്റുകളാണ് സിംഘാനിയ നേടിയത്. കോപ്പാ ഷെൽ വിഭാഗത്തിൽ മത്സരിച്ച സിംഘാനിയ ഇറ്റലിയിലെ മുഗല്ലയിൽ ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.

യൂറോപ്പ്, ഏഷ്യാ പസിഫിക്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ 34 ഡ്രൈവർമാരാണ് ഇത്തവണ ഫെറാറി വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. 6 വാരാന്ത്യങ്ങളിലായി ഇറ്റലിയിലെ മോൺസ, ഇമേല, മുഗല്ലേ, ഫ്രാൻസിലെ ലീ കാസ്റ്റല്ല, സ്‌പെയിനിലെ വലൻഷ്യ, ഹംഗറിയിലെ ബുഡാപെസ്റ്റ് എന്നിവിടങ്ങളിലായി 14 മത്സരങ്ങൾ നടന്നു.

സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള കെസ്സൽ റേസിങ്ങ് ടീമുമൊത്താണ് ഗൗതം ഹരി സിംഘാനിയ ഇത്തവണ മത്സരിച്ചത്. നേരെത്തെ എഫ് വണ്ണിൽ മത്സരിച്ച ഇപ്പോഴത്തെ ജീറ്റി ഡ്രൈവർ ആൻഡ്രിയാ മൊറ്റേർമിനിയായിരുന്നു കോച്ച്. മോൺസയിൽ നടന്ന ഒന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ നാലം സ്ഥാനം കരസ്ഥമാക്കിയ സിംഘാനിയ മുഗല്ലേയിലെ രണ്ടാം റൗണ്ടിൽ ഫിനീഷ് ചെയ്തില്ല.

ബുഡാപെസ്റ്റിൽ നടന്ന മൂന്നാം റൗണ്ടിൽ നാലാം സ്ഥാനവും ലീ കാസ്റ്റല്ലെയിലെ നാലാം റൗണ്ടിൽ മൂന്നാം സ്ഥാനവും നേടി. ഇമേലയിലെ അഞ്ചാം റൗണ്ടിൽ മൂന്നാം സ്ഥാനമായിരുന്നു. വലൻഷ്യ ആറാം റൗണ്ടിലും മുഗല്ലേയിലെ ഫൈനൽ മത്സരത്തിലും രണ്ടാം സ്ഥാനമായിരുന്നു. മുഗല്ലേ തന്നെ ആതിഥേയത്വമരുളിയ വേൾഡ് ഫൈനലിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.

ഫെറാറി ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗൗതം ഹരി സിംഘാനിയ പറഞ്ഞു. ഒരു വർഷത്തോളം നീണ്ടുനിന്ന മത്സരങ്ങൾ തികച്ചും ആവേശകരമായിരുന്നു. അടുത്ത വർഷം കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.