പോളോ വിൽപന തുടരും ; തിരികെ വിളിച്ചത് 389 എണ്ണം മാത്രം

Posted on: October 10, 2015

Volkswagen-New-Polo-Big

കൊച്ചി : ഫോക്‌സ്‌വാഗൺ പോളോ മോഡലുകൾ വിൽക്കുന്നതിന് തടസ്സമില്ലെന്ന് കമ്പനി ഡീലർമാരെ അറിയിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ നിർമിച്ച ഒരു ബാച്ചിൽ പെട്ട പോളോ കാറുകൾ വിൽക്കേണ്ടെന്ന് മാത്രമാണ് ഫോക്‌സ്‌വാഗൺ നിർദേശം നൽകിയിട്ടുള്ളത്. ഈ ബാച്ചിൽപെട്ട 389 കാറുകൾ ഇതിനകം വിൽപനയായിട്ടുണ്ട്. ഹാൻഡ് ബ്രേക്കിലെ തകരാർ കാരണമാണ് ഇവ തിരിച്ചു വിളിക്കാൻ കമ്പനി സ്വമേധയാ തീരുമാനിച്ചത്.

ഹാൻഡ് ബ്രേക്കിന്റെ ഒരു ഭാഗം പൊട്ടാനുള്ള സാധ്യത പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. ഈ കാറുകൾ വർക്ക്‌ഷോപ്പുകളിൽ ഉടൻ എത്തിക്കണമെന്ന് ഉടമകളോട് നിർദേശിച്ചിട്ടുണ്ട്. ഡീലർമാർ ഇതിനായി കാർ ഉടമകളെ ബന്ധപ്പെടുന്നുണ്ട്. ഒരു മണിക്കൂറിനകം തകരാറുകൾ തീർത്ത് കാർ തിരികേ കൊണ്ടുപോകാവുന്നതാണ്. തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഡെലിവറി നിർത്തിവച്ചിരിക്കുന്ന ഈ ബാച്ചിൽപെട്ട മറ്റ് പോളോ കാറുകളും പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കും ശേഷം താമസിയാതെ ഉടമകൾക്ക് കൈമാറും.

ഇതിനിടയിൽ ഉത്സവകാലം പ്രമാണിച്ച് വെന്റോയുടെ ഹൈലൈൻ പ്ലസ് മോഡലും പോളോയുടെ ലിമിറ്റഡ് എഡീഷൻ എക്‌സ്‌ക്യൂസൈറ്റ് മോഡലും ഫോക്‌സ്‌വാഗൺ വിപണിയിലെത്തിച്ചു. ടച്ച് സ്‌ക്രീൻ മൾട്ടിമീഡിയയും ജിപിഎസ് നാവിഗേഷൻ സിസ്റ്റവുമുള്ളതാണ് വെന്റോ ഹൈലൈൻ പ്ലസ്. ഫോർ സ്റ്റാർ, എൻസിഎപി സേഫ്ടി റേറ്റിംഗ്, എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ് എന്നിവയോടുകൂടിയതാണ് പോളോ എക്‌സ്‌ക്യൂസൈറ്റ്.