റിനോൾട്ട് ക്വിഡ്

Posted on: September 25, 2015

KWID-front-Big-a

കാത്തിരിപ്പിനൊടുവിൽ ക്വിഡ് എത്തി. ക്വിഡിന്റെ വിലയാണ് എതിരാളികളെ ശരിക്കും ഞെട്ടിപ്പിച്ചത്. ബേസ് മോഡലിന് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില 2.56 ലക്ഷം. ടോപ്എൻഡ് വേരിയന്റായ ആർഎക്‌സ്ടിയുടെ വില 3.53 ലക്ഷം രൂപ. ക്വിഡിലൂടെ ചെറുകാറുകളുടെ വിഭാഗത്തിൽ തുറന്ന പോരാട്ടമാണ് റിനോൾട്ട് പ്രഖ്യാപിക്കുന്നത്. അഞ്ച് പേർക്ക് യാത്രചെയ്യാവുന്ന ക്വിഡ് കുടുംബങ്ങളുടെ മനം കവരുമെന്നാണ് റിനോൾട്ടിന്റെ പ്രതീക്ഷ.

കാഴ്ചയിലെ എസ് യു വി ലുക്കാണ് ക്വിഡിന്റെ യുണീക്ക് സെല്ലിംഗ് പോയിന്റ്. ശരിക്കും റിനോൾട്ട് ഡസ്റ്ററിന്റെ ചെറു രൂപം. 16 വർഷം മുമ്പ് ഹ്യുണ്ടായ് അവതരിപ്പിച്ച ടോൾബോയ് മോഡൽ (സാൻട്രോ) ശരിക്കും ഒരു ഗെയിം ചേഞ്ചറായി. തുടർന്ന് മിക്ക നിർമാതാക്കളും ടോൾബോയ് മോഡൽ അനുകരിക്കാൻ തുടങ്ങി. അതുപോലെ ഇനി പല നിർമാതാക്കൾക്കും എസ് യു വി രൂപഭംഗിയുള്ള ക്വിഡ് ഒരു പ്രഛോദനമായേക്കാം.

റിനോൾട്ട് ലോഗോ ആലേഖനം ചെയ്ത ദൃഡതയുള്ള ഫ്രണ്ട് ഗ്രിൽ, ചെറുകാറുകളുടെ വിഭാഗത്തിൽ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് (180 മില്ലീമീറ്റർ), പതിവിന് വിപരീതമായി ഇൻഡിക്കേറ്ററുകളുടെ സ്ഥാനം ബോഡിയിൽ നിന്ന് ഫെൻഡർ ക്ലാഡിൽ – അങ്ങനെ ക്വിഡിന്റെ സവിശേഷതകൾ നിരവധി.

ഉള്ളിൽ ക്രോം അതിർവരുമ്പുകളുള്ള പിയാനോ ബ്ലാക്ക് സെന്റർ കൺസോൾ, 7 ഇഞ്ച് നാവിഗേഷൻ സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാൻ പവർ സോക്കറ്റ്, ഇലക്ട്രിക്ക് പവർ സ്റ്റീയറിംഗ്, പവർ വിൻഡോസ്, ശക്തമായേ എയർകണ്ടീഷണിംഗ്. ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ, റിമോട്ട് കീലെസ് എൻട്രി. ഡ്രൈവർ സൈഡ് എയർബാഗ്, സെൻട്രൽ ലോക്കിംഗ്.

ഹാൻഡ് ഫ്രീ ടെലിഫോണി, യുഎസ്ബി & എയുഎക്‌സ് പോർട്ടുകൾ, സ്പീഡ് സെൻസിംഗ് വോളിയം കൺട്രോൾ, ബ്ലാക്ക്, റെഡ്, ഗ്രേ എന്നീ കളർ കോമ്പിനേഷനുള്ള ഫാബ്രിക് സീറ്റുകൾ, നാല് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 300 ലിറ്റർ ബൂട്ട് സ്‌പേസ്, പിൻ സീറ്റുകൾ മടക്കിയാൽ 1115 ലിറ്റർ വരെ വർധിപ്പിക്കാം.

ക്വിഡിന്റെ അഴകളവുകൾ : നീളം 3679 മില്ലീമീറ്റർ, വീതി 1579 മിമി, ഉയരം 1478 മിമി, വീൽബേസ് 2422 മിമി, ഗ്രൗണ്ട് ക്ലിയറൻസ് 180 മിമി, ഫ്യുവൽടാങ്ക് കപ്പാസിറ്റി 28 ലിറ്റർ. ഫൈവ് സ്പീഡ് മാനുവൽ ഗിയർ ബോക്‌സ്. 799 സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ക്വിഡിന്റെ ഉള്ളിലുള്ളത്. 5678 ആർപിഎമ്മിൽ 54 പിഎസ് കരുത്തും 4386 ആർപിഎമ്മിൽ 72 എൻഎം ടോർക്കും പ്രദാനം ചെയ്യും. ചെറുകാറുകളുടെ കൂട്ടത്തിൽ ഏറ്റവും ശക്തമായ രണ്ടാമത്തെ എൻജിനാണ് ക്വിഡിനുള്ളത്. ലിറ്ററിന് 25.17 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സ്റ്റാൻഡേർഡ്, ആർഎക്‌സ്ഇ, ആർഎക്‌സ്എൽ, ആർഎക്‌സ്ടി എന്നീ നാല് വേരിയന്റുകളിൽ ക്വിഡ് ലഭ്യമാണ്. തെരഞ്ഞെടുക്കാൻ കറുപ്പും വെളുപ്പും ഉൾപ്പടെ അഞ്ച് നിറങ്ങൾ. റിനോൾട്ട് ഡീലർഷിപ്പുകളിൽ ക്വിഡിന്റ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒക്‌ടോബർ പകുതിയോടെ ഡെലിവറി ലഭിച്ചു തുടങ്ങും.

 

TAGS: Kwid | Renault India |