ജോയി കുറ്റിയാനി ബ്രൊവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്‌സ് ബോർഡ് അംഗം

Posted on: November 29, 2016

joy-kuttiyani-big

ഫ്‌ളോറിഡ : ജോയി കുറ്റിയാനിയെ ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്‌സ് ബോർഡ് അംഗമായി കൗണ്ടി മേയർ മാർട്ടിൻ കെർ ജോയി നിയമിച്ചു. പതിനെട്ട് അംഗങ്ങളുള്ള ബോർഡിൽ റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയുടെ പ്രതിനിധിയായിട്ടാണ് കുറ്റിയാനിയെ നിയമിച്ചിട്ടുള്ളത്. ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് ആദ്യമായി കൗണ്ടി അഡൈ്വസറി ബോർഡിലേക്ക് നടത്തിയ ഈ നിയമനം ഇന്ത്യൻ സമൂഹത്തിന് നല്കിയ അംഗീകാരം കൂടിയാണ്. ജോയി പാലാ ഭരണങ്ങാനം സ്വദേശിയാണ്. ഭാര്യ അലീഷ കുറ്റിയാനി. മകൾ തങ്കം.

രണ്ടു മില്യൺ ജനസംഖ്യയുള്ള ബ്രോവാർഡ് കൗണ്ടിയിലെ ജനങ്ങളുടെ പൗരാവകാശവും, നീതിയും സംതുലനമാക്കുന്നതിനും; ജാതി, മത, വർഗ, വർണ്ണ, ലിംഗ, വംശീയ വിവേചനങ്ങൾ തടയുന്നതിനും, ചൂഷണ വിധേയരായ പൗരന്റെ നിയമാവകാശങ്ങൾ പരിരക്ഷിക്കുന്നതിനുമായി ഭരണഘടനാ പ്രകാരം സ്ഥാപിതമാണ് ഹ്യൂമൻ റൈറ്റ്‌സ് ബോർഡ്. ഉപദേശക സമിതി എന്നതിലുപരി അർധ ജുഡീഷ്യൽ അധികാരം കൂടി ബോർഡിൽ നിക്ഷ്പിതമാണ്. അതിനാൽ വിവേചനം സംബന്ധിച്ചുള്ള ഏതു തരത്തിലുള്ള പരാതികൾ സ്വീകരിക്കുന്നതിനും, തുടർനടപടികൾ കൈക്കൊള്ളുന്നതിനും ബോർഡിന് അധികാരമുണ്ട്.

ഫ്‌ളോറിഡ സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിലും, അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിലും മാസ്റ്റർ ബിരുദധാരിയായ ജോയി ബ്രോവാർഡ് കൗണ്ടി ക്ലർക്ക് ഓഫ് സർക്യൂട്ട് ആൻഡ് കൗണ്ടി കോർട്ടിന്റെ ഹ്യൂമൻ റിസോർസ് ഡിപ്പാർട്ട്‌മെന്റിൽ ട്രെയിനിംഗ് കോഓർഡിനേറ്ററായി ജോലി ചെയ്യുന്നു.

ജോയി കുറ്റിയാനി 2012 ൽ കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തിൽ ഇന്ത്യൻ അമേരിക്കൻ കമ്യൂണിറ്റിയെ ഒരുമിച്ചു ചേർത്ത് ഡേവി നഗരസഭയുടെ ഫാൽക്കൺ ലീയാ പാർക്കിൽ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയർ നിർമ്മിക്കുന്നതിനു കുറ്റിയാനി നേതൃത്വം നൽകി. മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുൾ കലാം ആണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.

കേരള സമാജത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് എഴുപത്തഞ്ച് കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നൽകിയ ബൃഹദ് പദ്ധതിയുടെ ചീഫ് കോർഡിനേറ്ററുമായിരുന്നു ജോയി . കൂടാതെ നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾക്കും നേതൃത്വം കൊടുത്തിട്ടുണ്ട്.

അഞ്ചാമത് ഫോമ കൺവൻഷന്റെ (മയാമി) നാഷണൽ കോഓർഡിനേറ്റർ, സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ്, നാഷണൽ വൈസ് പ്രസിഡന്റ്, ഇന്ത്യ പ്രസ് ക്ലബ് നാഷണൽ ജോയിന്റ് ട്രഷറർ, ജീവകാരൂണ്യ സംഘടനയായ അമല (അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലവ് ആൻഡ് ആക്‌സപ്റ്റൻസ്) യുടെ സ്ഥാപക പ്രസിഡന്റ്, ഡേവി നഗരസഭയുടെ പാർക്ക് ആൻഡ് റിക്രിയേഷൻ അഡൈ്വസറി ബോർഡ് മെംബർ തുടങ്ങി നിരവധി തുറകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫ്‌ളോറിഡായിലെ പ്രശസ്തമായ കെയ്‌സർ യൂണിവേഴ്‌സിറ്റിയുടെ അക്കാഡമിക് അഡൈ്വസ്‌മെന്റ് കൗൺസിൽ മെംബറായും സേവനം അനുഷ്ഠിക്കുന്നു.

ഫ്‌ളോറിഡ സംസ്ഥാന തെരഞ്ഞെടുപ്പിലും കൗണ്ടി, സ്‌കൂൾ ബോർഡ്, വിവിധ നഗരസഭാ സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രചരണത്തിനും സൗത്ത് ഫ്‌ളോറിഡയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ സജീവമാക്കുന്നതിന് നേതൃത്വം നൽകി വരുന്നു.

TAGS: Joy Kuttiyani |