കെഎസ്‌ഐഡിസി ഇൻകുബേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

Posted on: June 14, 2016

KSIDC-Rajagiri-Inaug-Big

കൊച്ചി : കാക്കനാട് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ , കെഎസ്‌ഐഡിസിയുടെ സഹകരണത്തോടെ സ്ഥാപിച്ച ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം വ്യവസായ, കായിക വകുപ്പു മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. സ്റ്റാർട്ടപ് മെന്ററിംഗ് സെഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിലും ഇൻകുബേഷൻ സെന്ററുകൾ വ്യാപകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ആവശ്യമായ ഫണ്ട് ഇപ്പോൾ ലഭ്യമാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ പറഞ്ഞു. കേരളത്തിലിപ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 140 ഇൻകുബേഷൻ സെന്ററുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 32 സ്റ്റാർട്ടപ്പുകൾക്ക് കെഎസ്‌ഐഡിസി ധനസഹായം നൽകിയിട്ടുണ്ടെന്നും ഇതിൽ ഒരെണ്ണത്തിന് വിദേശത്തുനിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന പറഞ്ഞു.

രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ഫാ. ജോസ് അലക്‌സ് , ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് ചെയർമാൻ മാധവൻ നായർ, രാജഗിരി കോളേജ് പ്രിൻസിപ്പൽ ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

മെന്ററിങ് സെഷനിൽ ടൈ കേരള പ്രസിഡണ്ട് രാജേഷ് നായർ, ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് പ്രസിഡന്റ് പത്മജ റുപറേൽ, തെരുമോ പെൻപോൾ മുൻ ചെയർമാൻ സി. ബാലഗോപാൽ, ഐ ട്രാവലർ സിഇഒ ഷിജു രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. രാജഗിരി കോളജിൽ 1300 ചതുരശ്ര അടി സ്ഥലത്താണ് അത്യാധുനിക സജ്ജീകരണങ്ങളോടെ ഇൻകുബേഷൻ സെന്റർ സ്ഥാപിച്ചിരിക്കുന്നത്. ഇരുപത്തഞ്ചോളം വിദ്യാർഥി സംരംഭകർക്ക് ഈ സെന്റർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.