യുഎഇ-ഇന്ത്യ പാർട്ണർഷിപ്പ് സമ്മിറ്റ് വൻ വിജയം

Posted on: November 6, 2017

ദുബായ് : ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ നടന്ന യുഎഇ- ഇന്ത്യ പാർട്ണർഷിപ്പ് സമ്മിറ്റ് വൻ വിജയമായതായി പ്രസിഡന്റ് ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ഇന്ത്യയും യുഎഇയും ഈ അടുത്തയിടക്ക് ഉരുത്തിരിഞ്ഞ ഉടമ്പടികളുടെ ഭാഗമായി പരസ്പര സഹകരണത്തിന് ടെക്‌നോളജി സ്‌പേസ് സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, റിന്യൂവബിൾ എനർജി എന്നീ മേഖലകളിലും ഉൾക്കൊള്ളുന്ന ഒരു പരസ്പര സഹായ ബന്ധം ഉരുത്തിരിയും എന്ന് പാനൽ ഡിസ്‌കഷനിൽ ഡോ. ആസാദ് മൂപ്പൻ പ്രത്യാശ പ്രകടിപ്പിച്ചു.

യുഎഇയും ഭാരതവും ആയിട്ടുള്ള വ്യവസായ ബന്ധം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിസിനസ് ലീഡേഴ്‌സ് ഫോറം, യുഎഇ മിനിസ്ട്രി ഓഫ് ഇക്കണോമി ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിൽ ആരംഭിച്ചതും, വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതും. ഇന്ത്യയിലെയും യുഎഇയിലെയും ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത സെമിനാറിൽ ഇന്ത്യയിൽ നിന്ന് ഏറെ പേർ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

വിദേശ നിക്ഷേപത്തിനും വാണിജ്യത്തിനും ഇന്ത്യയിൽ ഏറ്റവും നല്ല അന്തരീക്ഷമാണ് ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന് ഐ എം എഫ് നെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ അംബാസഡർ നവധീപ്‌സിംഗ് സൂരി അറിയിച്ചു. നിക്ഷേപങ്ങൾക്ക് അവസരമൊരുക്കുന്നതിനും സഹകരണത്തിനും പ്രത്യേകിച്ച് ബിസിനസ് ലീഡേഴ്‌സ് ഫോറം മുഖേന അവസരം ഒരുക്കുവാൻ ഇന്ത്യൻ സ്ഥാനപതി കാര്യാലയം തയാറാണെന്നും അദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപകർക്ക് മൂലധന വളർച്ച ഒരുക്കുവാൻ സാധിക്കുന്ന ഗവൺമെന്റും സാഹചര്യങ്ങളും ഉണ്ടെങ്കിൽ മൂലധനം ഒരു വലിയ വിഷയമല്ലെന്നും പാനൽ ഡിസ്‌ക്കഷനിൽ പങ്കെടുത്തു കൊണ്ട് യു എ ഇ ഇന്റർനാഷനൽ ഇൻവെസ്റ്റ് മെന്റ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ അൽജുവാൻ പറഞ്ഞു.

വ്യവസായങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ നല്ല അന്തരീക്ഷമാണ് ഉള്ളതെന്നും അത് പൂർണമായി ഉപയോഗപ്രദമാക്കാൻ ശ്രമിക്കുമെന്നും യുഎഇയുടെ സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി ചൂണ്ടിക്കാട്ടി. യു എ ഇയിലും വ്യവസായ അന്തരീക്ഷം വളർത്തുന്ന വിധം പുതിയ നിയമ നിർമ്മാണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നിക്ഷേപകർ ഇന്ത്യയിൽ വൻ വ്യവസായങ്ങൾ തുടങ്ങുവാൻ തയാറായി രംഗത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് യു. എ. ഇ അടിസ്ഥാന സുതാര്യ വികസന മന്ത്രി അബ്ദുല്ല അൽ നുഐമി പറഞ്ഞു.

ഇന്ത്യയിൽ വിദേശ നിക്ഷേപം കൂടുന്നതിനും, കൂടുതൽ ഇന്ത്യൻ വ്യവസായികൾക്ക് യുഎഇയിൽ നിക്ഷേപിക്കുന്നതിനും സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണ് ഇത്തരം വേദിയെന്ന് ചടങ്ങിൽ പങ്കെടുത്ത ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന പറഞ്ഞു.

ബുർജ് ഖലീഫയിൽ ഉള്ള അർമാനി ഹോട്ടലിൽ നടന്ന രണ്ടു ദിവസത്തെ ഉച്ചകോടിയിൽ ബിസിനസ് ലീഡേഴ്‌സ് ഫോറംപ്രസിഡന്റ് ഡോ ആസാദ് മൂപ്പൻ നേതൃത്വം നൽകി. വിവിധ സെഷനുകളിലായി നടന്ന ചർച്ചകൾക്ക് നല്ല പ്രതികരണങ്ങളാണ് ഉണ്ടായതെന്നും അദേഹം ചൂണ്ടിക്കാട്ടി

2017 കാലഘട്ടത്തിൽ 11,400 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിൽ നടന്നിരിക്കുന്നതെന്ന് ആഗോള അക്കൗണ്ടിങ് കമ്പനിയായ കെപിഎംജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതിൻ യുഎഇ പത്താം സ്ഥാനത്താണ് ഇന്ത്യയിൽ നിക്ഷേപംഇറക്കിയിരിക്കുന്നതെന്നും, ഈ വർഷത്തോടെ ഇത് വീണ്ടും മുന്നോട്ട് നീങ്ങുമെന്നും ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽപറഞ്ഞു.

ഇന്ത്യയിലും യുഎഇയിലും വിപുലമായ വ്യവസായ സംരംഭങ്ങൾ നടത്തിയിട്ടുള്ള യുഎഇ കമ്പനിയായ ഡിപി വേൾഡ്, എമ്മാർ, പ്രവാസി വ്യവസായികളായ എം.എ. യൂസഫലി, ബി ആർ. ഷെട്ടി എന്നിവരെ ബി. എൽ. എഫ്. ഗവേണിങ് ബോഡി ആദരിച്ചു.

ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ അഗർവാൾ, സെക്രട്ടറി ജനറൽ ശ്രീപ്രിയ എന്നിവരും മറ്റ് മറ്റു ബി. എൽ. എഫ്. ഗവേണിംഗ് ബോഡി അംഗങ്ങളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.