സാപ് അംബീഷൻ എക്‌സ്പ്രസ് റോഡ് ഷോ കൊച്ചിയിൽ

Posted on: March 26, 2015

SAP-Ambition-Express-roadsh

കൊച്ചി : ചെറുകിട-ഇടത്തരം ബിസിനസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, എന്റർപ്രൈസ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ രംഗത്തെ മുൻനിരക്കാരായ സാപ്, സംഘടിപ്പിച്ച റോഡ് ഷോ കൊച്ചിയിലെത്തി.

ബിസിനസ് സ്ഥാപനങ്ങൾക്ക് മത്സരാത്മക നേട്ടം കൈവരിക്കാനുതകുന്ന ഒട്ടേറെ പ്രതിവിധികൾ റോഡ് ഷോയിൽ വിശദീകരിച്ചു. മറൈൻഡ്രൈവ്, പള്ളിമുക്ക്, കലൂർ-കടവന്ത്ര റോഡ്, വ്യവസായ മേഖല എന്നിവിടങ്ങളിൽ തത്സമയ ഡെമോൺസ്‌ട്രേഷനിലും ചർച്ചകളിലും, ബ്രേക്-ഔട്ട് സെഷനുകളിലും നിരവധി ചെറുകിട-ഇടത്തരം ബിസിനസ് സ്ഥാപനങ്ങൾ പങ്കെടുത്തു.

സിന്തൈറ്റ് ഇൻഡസ്ട്രീസും വി-ഗാർഡ് ഇൻഡസ്ട്രീസും സാപ്-ന്റെ സേവനം സ്വീകരിച്ച സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. ക്ലൗഡ് കോർണർ സൊലൂഷൻസ്, വിസെൻട്രിക് ടെക്‌നോളജീസ്, കെപിഐടി ടെക്‌നോളജീസ്, ഫുജിറ്റ്‌സു ടെക്‌നോളജി സൊല്യൂഷൻസ് എന്നിവയുടെ പങ്കാളിത്തത്തോടെ ആയിരുന്നു റോഡ് ഷോ.

സാപ്‌ന്റെ ക്ലൗഡ്, മൊബിലിറ്റി അനലിറ്റിക്‌സ് ബിഗ് ഡാറ്റ എന്നീ അത്യാധുനിക സൊല്യൂഷൻസിലൂടെ ബിസിനസ് വിജയം കൈവരിക്കാൻ മാർഗനിർദേശം ലഭ്യമാക്കാൻ കഴിഞ്ഞതായി സാപ് ഇന്ത്യ വൈസ് പ്രസിഡന്റ് ശുഭോമയ് സെൻ ഗുപ്ത പറഞ്ഞു.

ദക്ഷിണേന്ത്യയിലെ 6 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിൽ റോഡ് ഷോ സന്ദർശനം നടത്തും. കർണാടകയിലെ ബെൽഗാമിൽ നിന്ന് ആരംഭിച്ച സാപ് അംബീഷൻ എക്‌സ്പ്രസ് ഹൂബ്ലി, ബംഗലുരു, കൊച്ചി, മധുര, കോയമ്പത്തൂർ, തിരുപ്പൂർ, ചെന്നൈ, ഹൈദരബാദ്, കോലാപ്പൂർ, സത്താരാ എന്നീ നഗരങ്ങൾ രണ്ടുമാസം കൊണ്ട് പിന്നിടും. മൊത്തം 5500 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ പിന്നിടുക.