സ്റ്റിക്കർ ഷോപ്പ്

Posted on: December 1, 2014

Hike-Messenger-Sticker-Shop

സ്മാർട്ട്‌ഫോണുകളിലൂടെ ആശയവിനിമയം വേഗത്തിലാക്കാൻ ഇനി ഹൈക്ക് സ്റ്റിക്കറുകളും. ഇന്ത്യയുടെ സ്വന്തം ചാറ്റ് ആപ്ലിക്കേഷനായ ഹൈക്ക് മെസഞ്ചർ, എസ്എംഎസുകളിൽ ഉപയോഗിക്കാവുന്ന ഇന്ത്യൻ ഭാഷകളിലുള്ള ഫ്രീ സ്റ്റിക്കറുകൾ പുറത്തിറക്കി. ഹൈക്ക് മെസഞ്ചറിന്റെ സ്റ്റിക്കർ ഷോപ്പിൽ ആദ്യഘട്ടത്തിൽ 250 ലേറെ സ്റ്റിക്കറുകൾ ലഭ്യമാണ്.

ഇനി മുതൽ സുഹൃത്തിനോട് വൈകുന്നേരത്തെ പരിപാടി എന്താണെന്നറിയാൻ ഇംഗ്ലീഷിലോ മംഗ്ലീഷിലോ ടെക്സ്റ്റ് ചെയ്യേണ്ട. പകരം എന്താ പരിപാടി എന്ന സ്റ്റിക്കർ അയക്കാം. വട്ടുണ്ടോ എന്ന് കളിയാക്കാനും അടിപൊളി എന്ന് പ്രശംസിക്കാനും സ്മാർട്ട്‌ഫോണിൽ സ്റ്റിക്കറുകൾ കൂട്ടുവരും. കേരളത്തിലെ യുവാക്കളെ മുന്നിൽ കണ്ട് ഇത്തരത്തിലുള്ള 20 പ്രത്യേക സ്റ്റിക്കറുകൾ ഹൈക്ക് അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അസം, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലേക്കായും ഹൈക്ക് മെസഞ്ചർ സ്റ്റിക്കറുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഒരു മാസം 10 ബില്യണിലധികം മെസേജുകൾ പോകുന്നതിൽ 30 ശതമാനവും സ്റ്റിക്കറുകളാണ്. അതായത് 3 ബില്യൺ സ്റ്റിക്കറുകൾ. ഈ സംഖ്യ ഇനിയും കൂടുകയേയുള്ളു – ഹൈക്ക് മെസഞ്ചർ സ്ഥാപകനും സിഇഒയും ആയ കവിൻ ഭാർതി മിത്തൽ പറഞ്ഞു. ഐഒഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ് ഫോൺ, ബ്ലാക്‌ബെറി, ബിബി10, എസ്40, എസ്60 തുടങ്ങിയ ഓപറേറ്റിംഗ് സിസ്റ്റങ്ങൾക്കായുള്ള ഹൈക്ക് ലഭ്യമാണ്.