സ്വിഗ്ഗി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളി

Posted on: December 3, 2018

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഭക്ഷണ വിതരണ സംവിധാനമായ സ്വിഗ്ഗി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയാകും. കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് മല്‌സരങ്ങളില്‍ വി.ഐ.പി. ടിക്കറ്റ്, അവരുടെ പ്രിയ താരങ്ങളുടെ ഓട്ടോഗ്രാഫോടു കൂടിയ ജേഴ്‌സി എന്നിങ്ങനെയുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള അര്‍ഹത ലഭിക്കും.

ഏറ്റവും മികച്ച ഡെലിവറി പങ്കാളികള്‍ക്ക് എല്ലാ ഹോം മത്‌സരങ്ങള്‍ക്കും 20 മത്‌സര ടിക്കറ്റുകളും നല്കും. ഇതിനു പുറമെ കൊച്ചി, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള ആയിരത്തിലേറെ ഡെലിവറി പങ്കാളികള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകളും നല്കും.

കേരളത്തിന് ഫുട്‌ബോളിനോടുള്ള പ്രിയം തങ്ങള്‍ക്കറിയാമെന്നും അതു കൊണ്ട് ഈ കായിക രംഗത്തിന്റെ മുന്നേറ്റത്തിനായി സഹകരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ സ്വിഗ്ഗിയുടെ ബിസിനസ് വൈസ് പ്രസിഡന്റ് അഷ്‌ലി ഡിസൂസ പറഞ്ഞു. തങ്ങള്‍ക്കും പങ്കാളികളായ റസ്റ്റോറന്റുകള്‍ക്കും കൂടുതല്‍ സാധ്യതകളാണ് ഈ പങ്കാളിത്തത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കായിക രംഗത്തോടും പ്രാദേശിക ഭക്ഷണത്തോടും ഉള്ള കേരളത്തിന്റെ സ്‌നേഹം സംയോജിപ്പിക്കാന് സ്വിഗ്ഗിയുമായുള്ള സഹകരണം വഴിയൊരുക്കുമെന്നും ഇതേക്കുറിച്ചു പ്രതികരിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.