ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ഓഗസ്റ്റ് 10 ന്

Posted on: July 28, 2019

തിരുവനന്തപുരം : പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ഓഗസ്റ്റ് പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയോടെ തുടക്കമിടുന്ന സിബിഎല്ലിൻറെ ഉദ്ഘാടന ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥിയായിരിക്കുമെന്ന് ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സിബിഎല്ലിൻറെ വെബ്‌സൈറ്റ് (www.championsboatleague.in) മന്ത്രി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫിയും അനാവരണം ചെയ്തു. ജലോത്സവത്തിൻറെ വീഡിയോ, ജേഴ്‌സി എന്നിവയും അദ്ദേഹം പ്രകാശനം ചെയ്തു. ടൂറിസം സെക്രട്ടറി റാണി ജോർജും കേരള ടൂറിസം ഡയറക്ടർ പി ബാല കിരണും ചടങ്ങിൽ പങ്കെടുത്തു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊല്ലത്തു നടക്കുന്ന പ്രസിഡൻറ്‌സ് ബോട്ട് റേസിനൊപ്പം സിബിഎൽ സമാപിക്കും.