ചാമ്പ്യൻസ് ബോട്ട്‌ലീഗ് : കോർപ്പറേറ്റുകളും പ്രശസ്ത വ്യക്തികളും ഫ്രാഞ്ചൈസികളാകും, ലേലം 29-ന്

Posted on: July 25, 2019

കൊച്ചി : ഐപിഎൽ ക്രിക്കറ്റിന്റെ മാതൃകയിൽ കേരളത്തിലെ ചുണ്ടൻ വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി കേരള ടൂറിസം സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ (സിബിഎൽ) ഫ്രാഞ്ചൈസികളാകാൻ രാജ്യത്തെ പ്രമുഖ കോർപറേറ്റുകളും വിശിഷ്ട വ്യക്തികളുമെത്തുമെന്നു സൂചന.

ഒൻപതു ടീമുകളുടെ ഫ്രാഞ്ചൈസിയ്ക്കായി ലേലത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 25 ആണ്. ജൂലൈ് 29 ന് കൊച്ചിയിലെ ഗ്രാൻറ് ഹയാത്ത് ഹോട്ടലിൽ വച്ചായിരിക്കും ലേലം നടക്കുന്നത്. സ്‌പോൺസർഷിപ്പ്, ടിവി ഡിജിറ്റൽ പരസ്യങ്ങൾ എന്നിവ വഴിയാണ് ഫ്രാഞ്ചൈസികൾക്ക് വരുമാനം ലഭിക്കുന്നത്. സ്‌പോൺസർഷിപ്പ്, വേദി, ടിക്കറ്റ് വരുമാനം, ടിവി, ഡിജിറ്റൽ കരാർ, മറ്റ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വരുമാനവും ഇങ്ങനെ പങ്കു വയ്ക്കും.

ലോകമെങ്ങുമറിയപ്പെടുന്നതും എന്നാൽ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടൻ വള്ളംകളിയെ കൂടുതൽ മികച്ചതാക്കാനും ഐപിഎൽ മാതൃകയിൽ വാണിജ്യവത്ക്കരിക്കാനുമുള്ള സിബിഎൽ ശ്രമങ്ങൾക്ക് ദേശീയ തലത്തിലുള്ള കോർപറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം ഊർജം പകരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൻറെ മഴക്കാലത്തെ ടൂറിസത്തിൻറെ കാഴ്ചപ്പാടിലൂടെ കൂടുതൽ ആകർഷണീയമാക്കാൻ സിബിഎൽ വഴി സാധിക്കും. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽക്കൂടി സഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞാൽ വർഷം മുഴുവൻ സന്ദർശിക്കാവുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് കേരളമെത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ പങ്കാളികൾക്കും ഫ്രാഞ്ചൈസി ഉടമകൾക്കും ബോട്ട് ക്ലബ്ബുകൾക്കും ഉടമസ്ഥർക്കും തുഴച്ചിലുകാർക്കും സിബിഎൽ-ലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ പ്രശസ്ത ജലാശയങ്ങളിൽ നടക്കുന്ന വള്ളംകളികളുടെ പ്രേക്ഷകരാകാനുള്ള അവസരം വിനോദസഞ്ചാരികൾക്ക് ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നുമാസം നീളുന്ന സിബിഎൽ-ൽ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് സിബിഎൽ-ൽ ഉണ്ടാകുന്നത്. ഓഗസ്റ്റ് 10 മുതൽ നവംബർ ഒന്നു വരെയാണ് മത്സരങ്ങൾ. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സർക്കാർ ഉടമസ്ഥതയിൽ പുതിയ കമ്പനിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഇ ഫാക്ടർ എൻറർടെയ്ൻമെൻറ്, ദി സോഷ്യൽ സ്ട്രീറ്റ് എന്നീ കമ്പനികൾ നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് സിബിഎൽ കൺസൾട്ടൻറ്.

രണ്ടു ലക്ഷ്യങ്ങളോടെയാണ് കേരള ടൂറിസം സിബിഎൽ എന്ന അനുപമമായ ഉല്പന്നത്തിന് രൂപം നൽകിയിരിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ വിനോദസഞ്ചാരികൾക്ക് പുത്തൻ ദൃശ്യാനുഭവം നൽകാനും നാട്ടുകാർക്ക് നേട്ടമുണ്ടാകാനുമാണിത്. കേരളത്തിൻറെ സാമൂഹികമായ കാഴ്ചപ്പാടുകൾക്കും വള്ളംകളികൾക്ക് നാട്ടിലുള്ള സ്വാധീനത്തിനും കോട്ടം വരാതെയാണ് കേരള ടൂറിസം ഇത് സംഘടിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.

ചെളിയിൽ കളിക്കുന്ന ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്പ്ലാഷ് എന്ന പരിപാടി കേരള ടൂറിസം നടത്തി. നിശാഗന്ധി മൺസൂൺ രാഗോത്സവവും ഹൗസ് ബോട്ടുകളുടെ കാല്പനികവൽകരണവും ഈ ലക്ഷ്യത്തോടെ ചെയ്തതാണ്. ഇത്തരം ഒറ്റപ്പെട്ട പരിപാടികളിൽ നിന്ന് ആകെ വ്യത്യസ്തവും നാടകീയമായ മാറ്റം വരുത്താൻ പോന്നതാണ് സിബിഎൽ. കായലുകളിലെവിടെനിന്നും ഇത് കാണാൻ കഴിയും. ആഗോള ടൂറിസ്റ്റുകളെ ആകർഷിക്കുന്നതു വഴി ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിൻറെ സ്ഥാനം ഉറപ്പിക്കാനും സാധിക്കും. കേരളത്തിലെ വള്ളംകളിയിൽ ഏകീകൃത സ്വഭാവം, വാണിജ്യസാധ്യത, മികവ് , ആരാധകരോടുള്ള കൂറ് എന്നിവ കൊണ്ടുവരാൻ സിബിഎല്ലിലൂടെ സാധിക്കുമെന്നും റാണി ജോർജ് വ്യക്തമാക്കി.

നെഹ്‌റു ട്രോഫി വള്ളംകളി നാലു ലക്ഷം പേർ നേരിട്ടു കാണുന്നുണ്ടെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു. ക്രിക്കറ്റ് മൈതാനങ്ങളായ ഈഡൻ ഗാർഡൻസിൽ 60,000 പേരും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 90,000 പേരുമാണ് കളി കാണുന്നത്. തത്സമയം കാണുന്ന ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ് വള്ളംകളി. ഐപിഎൽ പോലെ വലിയ ടിവി സംപ്രേഷണ സാധ്യതയാണ് ഇതിനുള്ളത്. ഈ സാധ്യതയെ വാണിജ്യവത്കരിച്ച് ലോകത്തിനു മുമ്പിൽ വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്; പോലീസ് ബോട്ട് ക്ലബ്; യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം, കൈനകരി; എൻസിഡിസി/കുമരകം; വില്ലേജ് ബോട്ട് ക്ലബ്, എടത്വ; കെബിസി/എസ്എഫ്ബിസി കുമരകം; വേമ്പനാട് ബോട്ട് ക്ലബ് കുമരകം; ടൗൺ ബോട്ട് ക്ലബ് കുമരകം; ബ്രദേഴ്‌സ് ബോട്ട് ക്ലബ്, എടത്വ എന്നിവയാണ് മത്സരിക്കുന്ന സിബിഎൽ-ൽ മത്സരിക്കുന്ന ഒൻപതു ടീമുകൾ.

ഓഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലിൽ നെഹൃ ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ ആദ്യ കളി തുടങ്ങുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊല്ലത്തു നടക്കുന്ന പ്രസിഡന്റസ് ബോട്ട് റൈസിനൊപ്പം സിബിഎൽ സമാപിക്കും. ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങൾ. പുളിങ്കുന്ന്, ആലപ്പുഴ (ആഗസ്റ്റ് 17), താഴത്തങ്ങാടി, കോട്ടയം(ആഗസ്റ്റ് 24), പിറവം, എറണാകുളം(ഓഗസ്റ്റ് 31), മറൈൻ ഡ്രൈവ്, എറണാകുളം(സെപ്റ്റംബർ 7), കോട്ടപ്പുറം, തൃശൂർ(സെപ്റ്റംബർ 21), പൊന്നാനി, മലപ്പുറം (സെപ്റ്റംബർ 28), കൈനകരി, ആലപ്പുഴ (ഒക്ടോബർ 05), കരുവാറ്റ, ആലപ്പുഴ(ഒക്ടോബർ 12), കായംകുളം, ആലപ്പുഴ(ഒക്ടോബർ 19), കല്ലട, കൊല്ലം (ഒക്ടോബർ 26) എന്നിങ്ങനെയാണ് മത്സര തീയതികൾ.

ഉച്ചതിരിഞ്ഞ് 2.30 മുതൽ വൈകുന്നേരം 5 വരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
ബുക്ക് മൈ ഷോ വഴി ഓൺലൈനായി ടിക്കറ്റുകൾ ലഭിക്കും.