എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 130 മ്യൂസിക്, നോക്കിയ 150 ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: August 15, 2023

കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, ആകര്‍ഷകമായ ബാറ്ററി ലൈഫും നിരവധി ഉപയോക്തൃസൗഹൃദ ഫീച്ചറുകളും പ്രദാനം ചെയ്യുന്ന നോക്കിയ 130 മ്യൂസിക്കിന്റെ അവതരണം പ്രഖ്യാപിച്ചു. സംഗീത പ്രേമികള്‍ക്കായി പ്രത്യേകം രൂപകല്പ്പന ചെയ്ത ഒതുക്കമുള്ള മോഡലാണിത്. ഇതോടൊപ്പം ഉപഭോക്താക്കളുടെ മൊബൈല്‍ അനുഭവത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പ്രീമിയം ഫീച്ചറുകളോടുകൂടിയ നോക്കിയ 150 മോഡലും എച്ച്എംഡി ഇന്ത്യയില്‍ അവതരിപ്പിച്ചു.

പ്രായോഗികതയും വിനോദവും സന്തുലനം ചെയ്തുള്ള ഫീച്ചറുകളാല്‍ സമ്പന്നമാണ് പുതിയ നോക്കിയ 130 മ്യൂസിക്. ശക്തമായ ലൗഡ്സ്പീക്കറും എംപി3 പ്ലെയറും ഉപയോഗിച്ച്, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും നിങ്ങളുടെ പ്രിയപ്പെട്ട ട്യൂണുകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫോണിന്റെ രൂപകല്‍പന. മൈക്രോ എസ്ഡി കാര്‍ഡില്‍ ഇഷ്ട സംഗീതം ശേഖരിച്ചുവയ്ക്കാം.

വയര്‍ഡ്, വയര്‍ലെസ് മോഡുകളോടെയാണ് എഫ്എം റേഡിയോ വരുന്നത്. 2.4 ഇഞ്ച് ക്യുവിജിഎ ഡിസപ്ലേയാണ് ഫോണിന്. ഡ്യുവല്‍ബാന്‍ഡ് ജിഎസ്എം 900/1800 നെറ്റ്വര്‍ക്കുകള്‍ ഫോണിലുണ്ട്. ഇത് ഫോണ്‍കോളുകള്‍ക്കും ടെക്സ്റ്റുകള്‍ക്കും വിശ്വസനീയമായ കണക്റ്റിവിറ്റി ഉറപ്പാക്കും.

മൈക്രോ യുഎസ്ബി (യുഎസ്ബി 1.1) പോര്‍ട്ടും, 3.5എംഎം ഓഡിയോ ഹെഡ്ഫോണ്‍ ജാക്കും, വയര്‍ഡ് ഹെഡ്ഫോണും ഈ മോഡലില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 32ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണ്‍ പിന്തുണയ്ക്കും. അപ്ഗ്രേഡ് ചെയ്ത 1450 എംഎഎച്ച് ബാറ്ററി മണിക്കൂറുകളോളം സംസാര സമയവും 34 ദിവസത്തെ സ്റ്റാന്‍ഡ്ബൈയും നല്‍കും.

2000 കോണ്‍ടാക്റ്റുകളും 500 എസ്എംഎസുകളും ഫോണില്‍ സൂക്ഷിക്കാനാവും. ആകര്‍ഷകമായ ഡാര്‍ക്ക് ബ്ലൂ, പര്‍പ്പിള്‍, ലൈറ്റ് ഗോള്‍ഡ് നിറങ്ങളിലാണ് നോക്കിയ 130 മ്യൂസിക് വരുന്നത്. ഡാര്‍ക്ക് ബ്ലൂ, പര്‍പ്പിള്‍ നിറങ്ങള്‍ക്ക് 1849 രൂപയും, ലൈറ്റ് ഗോള്‍ഡ് വേരിയന്റിന് 1949 രൂപയുമാണ് വില.

പ്രീമിയം ഫീച്ചറുകളാണ് ഏറ്റവും പുതിയ നോക്കിയ 150 മോഡലിന്റെ പ്രത്യേകത. അപ്ഗ്രേഡ് ചെയ്ത 1450 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. ഇത് ഉപയോഗിച്ച് 20 മണിക്കൂര്‍ സംസാരസമയം ആസ്വദിക്കാം. സ്റ്റാന്‍ഡ്ബൈയില്‍ 34 ദിവസത്തെ ലൈഫാണ് വാഗ്ദാനം. ഫുഷോടു കൂടിയ വിജിഎ റിയര്‍ ക്യാമറ, 2.4 ഇഞ്ച് ഡിസ്പ്ലേ, 30 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് ഉറപ്പാക്കുന്ന ശക്തമായ ലൗഡ് സ്പീക്കറും എംപി3 പ്ലെയറും തുടങ്ങിയവയെല്ലാം നോക്കിയ 150 ഫോണിലുണ്ട്.

ആകര്‍ഷകമായ ചാര്‍ക്കോള്‍, സിയാന്‍, റെഡ് നിറങ്ങളില്‍ വരുന്ന നോക്കിയ 150 മോഡലിന് 2699 മാത്രമാണ് വില. ഇരുമോഡലുകളും റീട്ടെയില്‍ സ്റ്റോറുകളിലും Nokia.com ലും ഓണ്‍ലൈന്‍ പാര്‍ട്ണര്‍ സ്റ്റോറുകളിലും ലഭിക്കും.

പുതിയ നോക്കിയ 130 മ്യൂസിക്, നോക്കിയ 150 എന്നിവ ലോകത്തിന് പരിചയപ്പെടുത്തുമ്പോള്‍, എല്ലാംകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിശ്വസനീയവും നൂതനവുമായ ഡിവൈസുകള്‍ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ഫോണുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: Nokia 130 | Nokia 150 |