പ്രീമിയം മൊബൈൽ മേഖലയിൽ വൺ പ്ലസ് 7 മുന്നേറ്റം

Posted on: August 1, 2019

വൺ പ്ലസ് 7  പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ 2019 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ 33 ശതമാനം വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വണ്‍ പ്ലസ് 7 പരമ്പരയിലെ പതാകവാഹക ഫോണുകളുടെ അവതരണം, ഐ ഫോണ്‍ എക്‌സ്.ആര്‍. വില കുറച്ച ആപ്പിളിന്റെ നീക്കം, ഗാലക്‌സി പരമ്പരയ്ക്കായുള്ള സാംസംഗിന്റെ വിപുലമായ പ്രചാരണം തുടങ്ങിയവയാണ് ഈ കുതിച്ചു ചാട്ടത്തിന് ഏറെ സഹായകമായത്.

30,000 രൂപയിൽ  കൂടുതല്‍ വിലയുള്ള സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മോഡലുകള്‍ ലഭ്യമായ വേള കൂടിയായിരുന്നു 2019 ലെ രണ്ടാം ക്വാർട്ടർ. വണ്‍ പ്ലസ് 7 പരമ്പരയിലെ പതാക വാഹക മോഡലുകള്‍ പുറത്തിറക്കിയതോടെ വണ്‍ പ്ലസ് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നതും ഈ കാലയളവില്‍ ദൃശ്യമായി. സാംസംഗും ആപ്പിളുമായുള്ള വ്യത്യാസം കൂടുതല്‍ വിപുലമാക്കി  ആകെ ഷിപ്‌മെന്റിന്റെ 43 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിലയാണ് വണ്‍ പ്ലസിനു കൈവരിക്കാനായത്.

7 പ്രോയുമായി 45,000 രൂപയ്ക്കു മുകളില്‍ വിലയുള്ള അള്‍ട്രാ പ്രീമിയം വിഭാഗത്തിലേക്കു കടന്ന വണ്‍ പ്ലസ് അതില്‍ 26 ശതമാനം വിഹിതവും കരസ്ഥമാക്കിയിട്ടുണ്ട്. ഷവോമി, ഒപ്പോ, വിവോ വാവെ തുടങ്ങിയ കൂടുതല്‍ ബ്രാന്‍ഡുകള്‍ പ്രീമിയം വിഭാഗത്തിലേക്കു കടന്നു വരാനൊരുങ്ങവെ ഈ രംഗത്തെ മത്‌സരം കൂടുതല്‍ ശക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ തങ്ങളുടെ രണ്ടാമത്തേയോ മൂന്നാമത്തേയോ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ഒരുങ്ങുന്നതും പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതുന്നത്.

ഉപഭോക്താക്കള്‍ക്ക് പ്രീമിയം സാങ്കേതികവിദ്യാ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിലാണ് വണ്‍ പ്ലസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വണ്‍ പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. വ്യവസായ രംഗത്തെ തളര്‍ച്ചയ്ക്കിടയിലും ഗണ്യമായ വളര്‍ച്ച കൈവരിക്കുവാന്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ നീക്കങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെ സ്മാര്‍ട്ട് ഫോണ്‍ മേഖലയുടെ വെറും അഞ്ചു ശതമാനത്തില്‍ താഴെ മാത്രം എന്ന നിലയില്‍ വര്‍ഷങ്ങളോളം തുടര്‍ന്നിരുന്ന പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ മേഖല ഇതേ രീതിയില്‍ വളരുന്നതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: One-plus-7 |