ഷോക്കിംഗ് ഗിഫ്റ്റ്

Posted on: October 22, 2014

Savaji-Dholakia-big

അവിചാരിതമായി സമ്മാനം കിട്ടിയാൽ ആരും ഒന്ന് അമ്പരക്കും. അതും നിനക്കാത്ത സമ്മാനമാണെങ്കിൽ പറയുകയും വേണ്ട. ഗുജറാത്തിലെ സൂറത്തിൽ രത്‌ന വ്യാപാരിയായ സാവാജി ദോലാകിയ തന്റെ ജീവനക്കാർക്ക് നൽകിയ ദീപാവലി സമ്മാനങ്ങൾ അത്തരത്തിലുള്ളതായിരുന്നു. 424 കാറുകൾ, 207 ടു ബെഡ് റൂം അപ്പാർട്ട്‌മെന്റുകൾ, 570 പേർക്ക് 3.6 ലക്ഷം രൂപ വീതം വിലയുള്ള രത്‌നംപതിച്ച സ്വർണാഭരണങ്ങൾ എന്നിവയായിരുന്നു ഷോക്കിംഗ് ഗിഫ്റ്റ്.

നിരവധിയായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്മാനാർഹരെ നിശ്ചയിച്ചത്. തൊഴിൽ പ്രാവീണ്യം, കമ്പനിയുടെ വളർച്ചയ്ക്കു നൽകുന്ന സംഭാവന, സ്വഭാവരീതി തുടങ്ങിയ കാര്യങ്ങൾ വിശദമായി വിലയിരുത്തി. ഹരേകൃഷ്ണ എക്‌സ്‌പോർട്ട്‌സിലെ 1201 ജീവനക്കാർക്ക് ദീപാവലി സമ്മാനം നൽകാൻ സാവാജി ദോലാകിയ ചെലവഴിച്ചത് 50 കോടി രൂപ.

Fiat-Punto-evo-big

ഫിയറ്റ് പുന്റോ ഇവോ കാറുകളാണ് ദോലാകിയ തെരഞ്ഞെടുത്തത്. പുതിയ കാർ ലഭിക്കുന്നത് ജീവനക്കാർക്ക് മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒറ്റയടിക്കു 424 കാറുകൾക്ക് ഓർഡർ കിട്ടിയപ്പോൾ ഫിയറ്റ് കമ്പനിയും ഒന്നു ഞെട്ടി. 30 കോടിയുടെ ഓർഡറാണ് ഫിയറ്റിന് ഓർക്കാപ്പുറത്ത് കിട്ടിയത്.

തന്റെ ജീവനക്കാരെ വിലപിടിച്ച സമ്മാനങ്ങളിലൂടെ സ്തബ്ധനാക്കിയ സാവാജി ദോലാകിയ യുടെ തുടക്കം എളിയനിലയിൽ നിന്നായിരുന്നു. സൗരാഷ്ട്രയിലെ അംറെലി ജില്ലക്കാരനായ ദോലാകിയ എഴുപതുകളിൽ ജോലിതേടി സൂറത്തിലെത്തി. 1978 ൽ മാസം 169 രൂപ ശമ്പളത്തിൽ ഡയമണ്ട് പോളീഷിംഗ് ജോലിക്കു ചേർന്നു. വൈകാതെ ഡയമണ്ട് ബ്രോക്കറായി. 1991 ൽ സ്വന്തമായി ബിസിനസ് ആരംഭിച്ചു. അക്കാലത്ത് ബജാജ് എം 80 ആയിരുന്നു സാവാജി ദോലാകിയ ഉപയോഗിച്ചിരുന്നത്. ഇന്ന് ആറായിരം കോടി രൂപ വിറ്റുവരവുള്ള ഹരേകൃഷ്ണ എക്‌സ്‌പോർട്ട്‌സിൽ 9,000 ൽപ്പരം ജീവനക്കാരാണുള്ളത്.