കാൽമുട്ടിനും ആപ്പ്

Posted on: October 15, 2014

Dr-E-G-Mohankumar-Augment-R

മുട്ടിനെ അറിയാനും ആപ്പ്. ആർത്രൈറ്റിസിനെയും സന്ധി മാറ്റിവയ്ക്കലിനെയും കുറിച്ചു രോഗികളിൽ ബോധവത്ക്കരണം നടത്താനും, ഡോക്ടർ-രോഗി ആശയ വിനിമയം സുഗമമാക്കാനും ഉപകരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്പ് പുറത്തിറക്കി. പെരിന്തൽമണ്ണ അൽ ഷിഫ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വകുപ്പു മേധാവിയും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഇ. ജി. മോഹൻ കുമാറാണ് കേരളത്തിലാദ്യമായി ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്പ് അവതരിപ്പിച്ചത്. സ്മിത്ത് ആൻഡ്് നെഫ്യൂവിന്റെ പിന്തുണയും ഇതിനുണ്ട്.

സ്മാർട്ട് ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ പ്രായോഗികമായ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്പ്. രോഗിയുടെ മുട്ട് എങ്ങനെയിരിക്കുന്നുവെന്ന് 3 ഡി രീതിയിൽ കാട്ടിക്കൊടുക്കുവാനും അതിന്റെ ചലനങ്ങൾ വിശദീകരിക്കാനും ശസ്ത്രക്രിയാ വിദഗ്ധനെ ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്പ് സഹായിക്കും. സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഘട്ടങ്ങൾ വിശദീകരിച്ചു നൽകാനും സഹായിക്കും.

ക്യാമറാ സൗകര്യമുള്ള ഏതു സ്മാർട്ട് ഫോണിലും ടാബ്‌ലെറ്റിലും ആപ്പ് പ്രവർത്തിക്കും. രോഗിക്ക് തന്റെ സ്വന്തം മുട്ടു കാണുന്ന അതേ അനുഭവം തന്നെയാവും ഈ ത്രിമാന ഇമേജ് നൽകുക. രോഗി അനങ്ങുകയും തന്റെ മുട്ട് ചലിപ്പിക്കുകയും ചെയ്യുന്നതനുസരിച്ച് ത്രിമാന ചിത്രവും ചലിക്കും. തന്റെ മുട്ടിനെക്കുറിച്ചും ശസ്ത്രക്രിയാ രീതികളെക്കുറിച്ചും രോഗിക്കു പൂർണമായി മനസിലാക്കാൻ ഇതു സഹായിക്കും.

സന്ധി മാറ്റിവയ്ക്കൽ ആവശ്യമായ രോഗിയുടെ മുട്ടിൽ മാർക്കർ വെൽക്രോ ബാൻഡ് ചുറ്റുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് സ്മാർട്ട് ഫോണിലോ ടാബ്‌ലെറ്റിലോ ഓഗ്‌മെന്റ് റിയാലിറ്റി ആപ്പ് ഡൗൺലോഡ് ചെയ്താൽ രോഗിയുടെ മുട്ടിന്റെ ത്രിമാന ഇമേജ് കാണാനാവും. രോഗി ചലിക്കുന്നതനുസരിച്ച് ആപ്പിലെ ഇമേജും ചലിക്കുകയും ചെയ്യും. മുട്ടിന്റെ ഇമേജ് തത്സമയം ത്രിമാന രീതിയിൽ കാണാൻ കഴിയുന്നത് രോഗിയെ ബോധവത്കരിക്കാൻ ശസ്ത്രക്രിയാ വിദഗ്ധർക്ക് ഏറെ സഹായകമാണെന്ന് ഡോ. മോഹൻ കുമാർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ആർത്രൈറ്റീസ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ദശലക്ഷക്കണക്കിനു പേരുണ്ടെങ്കിലും 1,30,000 പേർ മാത്രമാണ് സന്ധി മാറ്റിവയ്ക്കലിനു വിധേയരായിട്ടുള്ളു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികൾക്കിടയിലെ ബോധവത്കരണത്തിന്റെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. 30 വർഷം വരെ സുരക്ഷിതത്വം നൽകുന്ന വെരിലാസ്റ്റ് ശസ്ത്രക്രിയ പോലുള്ള അത്യാധുനിക ചികിത്സാമാർഗങ്ങൾ ലഭ്യമായ ഇക്കാലത്ത് രോഗികൾ ശസ്ത്രക്രിയ വൈകിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.