ഒന്നരക്കോടിയുടെ ഷർട്ട്

Posted on: September 6, 2014

നല്ല ഒരു ഷർട്ട് വാങ്ങാൻ എത്ര രൂപ മുടക്കാം…. 1,000 – 2,000. തുണി കോട്ടണോ ലിനനോ എന്തുമാകട്ടെ. ഓണക്കോടിയായാലും കല്യാണത്തിനായാലും 5,000 രൂപയ്ക്ക് അപ്പുറമുള്ള ഒരു ഷർട്ടിനെക്കുറിച്ച് ചിന്തിക്കാനാവുമോ. റെഡിമെയ്ഡ് യുഗത്തിൽ പുതിയ തലമുറ ഒരു വർഷത്തിനപ്പുറം ഒരു ഷർട്ട് ഉപയോഗിക്കാറില്ല.

ട്രെൻഡിംഗ് ഡിസൈനുകൾക്കു പിന്നാലെ പായുന്ന മലയാളികൾക്ക് ഇതാ ഒരു ഷോക്കിംഗ് ന്യൂസ്. ആണുങ്ങളായാൽ സ്വർണം കൊണ്ടു വേണം ഷർട്ടു തുന്നാൻ. തുണിയാണെങ്കിൽ ആളുടെ വലുപ്പമനുസരിച്ച് രണ്ടരയോ മൂന്നോ മീറ്റർ മതി ഒരു ഷർട്ടിന്. സ്വർണമാകുമ്പോൾ മൂന്നോ നാലോ കിലോ വേണ്ടി വരും. അറബ് നാടുകളിലെ ഷെയ്ഖുമാരോ സുൽത്താൻമാരോ അല്ല സ്വർണത്തിൽ ഷർട്ട് തയ്പ്പിച്ചു ധരിക്കുന്നത്.

ഇക്കാര്യത്തിൽ റോൾ മോഡലുകൾ രണ്ട് മഹാരാഷ്ട്രക്കാരാണ്. മത്സരിച്ച് സ്വർണത്തിൽ ഷർട്ടു തയ്ച (പണിത) രണ്ട് പൊന്നപ്പൻമാർ. പിംപ്രി ചിഞ്ച്‌വാഡിലെ ദത്ത ഫുഗെയും ഇയോളയിലെ പങ്കജ് പരേഖും. ആദ്യം സ്വർണ ഷർട്ട് സ്വന്തമാക്കിയത് ദത്ത ഫുഗെ. ഫുഗെയുടെ ഷർട്ടിനെക്കുറിച്ച് കേട്ടറിഞ്ഞ് അതിനെ വെല്ലുന്ന ഷർട്ട് ഈ വർഷം പങ്കജ് പരേഖും പണിതണിഞ്ഞു.

Dutta-Phuge-SP

പൂനെ പിംപ്രി ചിഞ്ച്‌വാഡിലെ പണമിടപാടുകാരനാണ് ദത്ത ഫുഗെ. 33 കാരനായ ഫുഗെ കഴിഞ്ഞവർഷം ജൂണിലാണ് 22 കാരറ്റ് സ്വർണത്തിൽ ഷർട്ട് തയ്പ്പിച്ചത്. മൂന്നരക്കിലോ സ്വർണം വേണ്ടി വന്നു ഷർട്ടിന്. അന്നത്തെ സ്വർണവില അനുസരിച്ച് ഒന്നരക്കോടിക്ക് അടുത്തായി ഷർട്ടിന്റെ വില. പൂനെയിലെ രങ്കാർ ജുവല്ലേഴ്‌സാണ് ദത്ത ഫുഗെയുടെ ആഗ്രഹം സഫലമാക്കിയത്. വെളുത്ത വെൽവെറ്റ് ബേസിൽ സ്വർണനൂലുകൾ തുന്നിച്ചേർത്താണ് ഷർട്ട് പൂർത്തിയാക്കിയത്.. സരോവ്‌സ്‌കിയുടെ ആറു ക്രിസ്റ്റൽ ബട്ടണുകൾ ഷർട്ടിനു കൂടുതൽ പകിട്ടേകി.

സുഖകരമായി ധരിക്കാവുന്ന ഒരു സാധാരണ ഷർട്ട് സ്വർണത്തിൽ നെയ്‌തെടുക്കുക ശരിക്കും വെല്ലുവിളിയായിരുന്നുവെന്ന് രങ്കാർ ജുവല്ലേഴ്‌സ് ഉടമ തേജ്പാൽ രങ്കാർ പറഞ്ഞു. 15 സ്വർണപ്പണിക്കാർ ദിവസവും 18 മണിക്കൂർ അധ്വാനിച്ച് 15 ദിവസം കൊണ്ടാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഈ ഷർട്ട് നെയ്‌തെടുത്തത്.

ഷർട്ടുകൂടാതെ 10 സ്വർണമാലകൾ, ആറ് ബ്രേസ്‌ലെറ്റുകൾ, 25 മോതിരങ്ങൾ എല്ലാം അണിഞ്ഞാണ് പൂനെയുടെ ഗോൾഡ് മാൻ ദത്ത ഫുഗെയുടെ നടപ്പ്. ഇതെല്ലാം അടിച്ചുമാറ്റാമെന്ന് ആരെങ്കിലും ധരിച്ചാൽ തെറ്റി. സദാസമയവും സുരക്ഷാ ഗാർഡുകളുടെ വലയത്തിലാണ് ഫുഗെയുടെ സഞ്ചാരം. ഫുഗെയുടെ ഷർട്ടു പുറത്തെടുക്കും വരെ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ 10 ാം നമ്പർ ടി ഷർട്ടായിരുന്നു ഗിന്നസ് ബുക്കിലുണ്ടായിരുന്നത്.

Pankaj-Parakh-Gold-Shirt-bi

നാസിക് ജില്ലയിലെ ഇയോളയിലെ ഗാർമെന്റ് ബിസിനസുകാരനായ പങ്കജ് പരേഖ് തന്റെ 45  ജന്മദിനത്തിൽ സ്വർണ ഷർട്ട് ധരിച്ച് ഫുഗെയെ കടത്തിവെട്ടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു ജന്മദിനം. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഛഗൻ ഭുജ്ഭൽ ഉൾപ്പടെ നിരവധി വിവിഐപികളെ സാക്ഷിനിർത്തി പരേഖ് തന്റെ സ്വർണ ഷർട്ട് അവതരിപ്പിച്ചു. 1991 മുതൽ എൻസിപിയുടെ മുനിസിപ്പൽ കോർപറേറ്ററാണ് പരേഖ്.

ഷർട്ടിന്റെ ഡിസൈനിംഗ് നിർവഹിച്ചത് നാസിക്കിലെ ബാഫ്‌ന ജുവല്ലറി. മുംബൈ പറേലിലെ ശാന്തി ജുവല്ലേഴ്‌സ് ഷർട്ട് യാഥാർത്ഥ്യമാക്കി. രണ്ടു മാസത്തിനുള്ളിൽ 20 സ്വർണപ്പണിക്കാരുടെ 3,200 മണിക്കൂർ അധ്വാനം വേണ്ടി വന്നു പരേഖിന്റെ ഷർട്ടിന്. കലർപ്പില്ലാത്ത 18-22 കാരറ്റ് സ്വർണം മാത്രമാണ് ഉപയോഗിച്ചത്. ക്രിസ്റ്റലിന് പകരം ഏഴ് സ്വർണ ബട്ടണുകളാണ് തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്.

നാല് കിലോഗ്രാം തൂക്കമുള്ള സ്വർണ ഷർട്ടിന് ചെലവായത് 1.30 കോടി രൂപ. ലിംകാ ബുക് ഓഫ് റെക്കോഡ്‌സിലും ഗിന്നസ് ബുക്കിലും തന്റെ ഷർട്ട് ഇടംപിടിക്കുമെന്നാണ് പരേഖിന്റെ പ്രതീക്ഷ. ശരീരത്തിനു വഴങ്ങുന്നതും സുഖകരവുമായ ഈ ഷർട്ട് അലക്കാനും ഉണക്കാനും കഴിയും. ദീർഘനേരം ധരിക്കുമ്പോൾ ശരീരത്തിൽ പാടുവീഴാതിരിക്കാൻ തുണികൊണ്ടുള്ള നേരിയ ആവരണം ഷർട്ടിനുള്ളിലുണ്ട്. ഇസ്തിരിയിട്ടില്ലെങ്കിലും ചുളിവ് വീഴില്ലെന്നും പരേഖ് അവകാശപ്പെടുന്നു.

സ്വർണഭ്രമത്തിനപ്പുറം പൊന്നുപോലത്തൊരു മനസും പരേഖിനുണ്ട്. തന്റെ ചുറ്റപാടുമുള്ള പാവപ്പെട്ടവർക്ക് മരുന്നിനും ഭക്ഷണത്തിനും കൈയയച്ചു സഹായിക്കാൻ പങ്കജ് പരേഖ് മടിക്കാറില്ല. അഞ്ചു വർഷത്തിനിടെ 120 പോളിയോ ഓപറേഷനുകൾ തികച്ചും സൗജന്യമായി പരേഖ് നടത്തിക്കൊടുത്തു. എട്ടാം ക്ലാസിൽ പഠിത്തം നിർത്തിയെങ്കിലും ചെറുപ്പം മുതൽ പരേഖിന് സ്വർണം ഹരമായിരുന്നു. കല്യാണത്തിന് ഭാര്യ പ്രതിഭയേക്കാൾ സ്വർണം ധരിച്ചിരുന്നത് പരേഖായിരുന്നു.