സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 9,113 കോടി അറ്റാദായം

Posted on: May 14, 2022

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ.) 2021 -22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 9,113.5 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തെ 6,451 കോടിയേക്കാള്‍ 41.28 ശതമാനം അധികമാണിത്. ഡിസംബര്‍ 31 -ന് അവസാനിച്ച മൂന്നാംപാദത്തിലെ 8,432 കോടി രൂപയേക്കാള്‍ എട്ടു ശതമാനമാണ് വളര്‍ച്ച.

2021 -22 സാമ്പത്തികവര്‍ഷം അറ്റാദായം 55.19 ശതമാനം വളര്‍ച്ചയോടെ 31,676 കോടി രൂപയിലെത്തി. തൊട്ടുമുന്‍വര്‍ഷമിത് 20,410 കോടി രൂപയായിരുന്നു. മികച്ച ലാഭത്തെ തുടര്‍ന്ന് മാര്‍ച്ച് 31 -ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 7.10 രൂപ വീതം (710 ശതമാനം) ലാഭവീതം നല്‍കാനും ബാങ്ക് തീരുമാനിച്ചു. മേയ് 26 ആണ് റെക്കോഡ് തീയതി. ജൂണ്‍ പത്തിന് ലാഭവീതം വിതരണം ചെയ്യും.

നാലാം പാദത്തില്‍ ബാങ്കിന്റെ മൊത്തം പലിശ വരുമാനം 15.26 ശതമാനം വളര്‍ച്ചയോടെ 31,198 കോടി രൂപയിലെത്തി.

മൊത്തം വായ്പകളില്‍ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര വായ്പകളില്‍ 23 ശതമാനവും ഭവന വായ്പകളാണ്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 3.97 ശതമാനമാണ്. മുന്‍വര്‍ഷം ഇതേകാലത്ത് 4.98 ശതമാനവും ഒക്ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 4.50 ശതമാനവുമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 1.5 ശതമാനത്തില്‍നിന്ന് 1.02 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

TAGS: SBI |