കനറാ ബാങ്കിന് 3,259 കോടി നഷ്ടം

Posted on: June 27, 2020

കൊച്ചി : പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ 3,259.33 കോടി രൂപയുടെ നഷ്ടം. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറിലെ 551.53 കോടിയുടെ നഷ്ടമാണ് ഇത്തവണ ഉയര്‍ന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി അധിക തുക നീക്കിവെച്ചതിനു പുറമെ ബാങ്ക് ലയന പ്രക്രിയ, വേതന പരിഷ്‌ക്കരണം തുടങ്ങിയ കാരണങ്ങളാണ് നഷ്ടം വര്‍ധിക്കാന്‍ കാരണം. അതേസമയം ബാങ്കിന്റെ മൊത്ത വരുമാനം 14,222.39 കോടി രൂപയായി വര്‍ധിച്ചു.

മുന്‍ വര്‍ഷം ഇത് 14,000.43 കോടിയായിരുന്നു. നിഷ്‌ക്രിയ ആസ്തിയും കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 5.37 ശതമാനത്തില്‍ നിന്ന് 4.22 ശതമാനമായി അല്‍പ്പം മെച്ചപ്പെട്ടു.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കനറാ ബാങ്കിന് 2,235.7 കോടിയുടെ അറ്റ നഷ്ടമുണ്ടായി. മുന്‍ വര്‍ഷം ബാങ്ക് 347 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. സാമ്പത്തിക വര്‍ഷം നിക്ഷേപങ്ങള്‍ 4.4 ശതമാനം വര്‍ധിച്ച് 6,25,351 കോടി രൂപയായി. മൂലധന പര്യാപ്തതാ അനുപാതം 13.72 ശതമാനമാണ്.

TAGS: Canara Bank |