യുപിഐ അധിഷ്ഠിത അസ്ബ : ആദ്യ ഐപിഒ തുടങ്ങി

Posted on: July 30, 2019

കൊച്ചി: പ്രാരംഭ ഓഹരി വില്‍പനയില്‍ (ഐ.പി.ഒ.) അപേക്ഷിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്ക് യു.പി.ഐ. അധിഷ്ഠിത അസ്ബ നിര്‍ബന്ധിതമാക്കിയത് നിലവില്‍ വന്നതായി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചു. രണ്ടു ബാങ്കുകള്‍ക്കിടയില്‍ മൊബൈല്‍ ഫോണിലൂടെ തല്‍സമയം പണം കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യു.പി.ഐ. ബ്രോക്കര്‍മാര്‍, ഡി.പി., ആര്‍.ടി.എ. തുടങ്ങിയവ വഴി അസ്ബയിലൂടെ അപേക്ഷിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്കാണ് ഇപ്പോള്‍ യു.പി.ഐ. നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതിന്റെ ഘട്ടം ഘട്ടമായുള്ള നടപ്പാക്കല്‍ ഈ വര്‍ഷം ജനുവരി ഒന്നിനാണു തുടങ്ങിയത്.

ആദ്യ ഘട്ടത്തില്‍ യു.പി.ഐ. സംവിധാനം എല്ലാ ചെറുകിട നിക്ഷേപകര്‍ക്കും ലഭ്യമാക്കിയെങ്കിലും ബാങ്കുകൡലൂടെ കടലാസ് രീതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്ന നിലവിലെ രീതി തുടര്‍ന്നിരുന്നു. അടുത്ത ഘട്ടമായാണ് ജൂലൈ ഒന്നു മുതല്‍ ഐ.പി.ഒ. അപേക്ഷകള്‍ക്ക് യു.പി.ഐ. രീതിയിലെ പണമടകല്‍ നിര്‍ബന്ധമാക്കിയത്. പുതിയ സംവിധാനത്തിലുടെ കൂടുതല്‍ കാര്യക്ഷമത കൊണ്ടു വരാനും തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ തന്നെ ബ്ലോക്കു ചെയ്യപ്പെടുന്നു എന്ന് ഉറപ്പിക്കാന്‍ കഴിയുമെന്നും ഇതേക്കുറിച്ചു പ്രതികരിച്ച നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ സി.ഒ.ഒ. പ്രവീണാ റായ് ചൂണ്ടിക്കാട്ടി. തല്‍സമയം അപേക്ഷ സമര്‍പ്പിക്കപ്പെടുന്നത് ഉറപ്പാക്കാനും ഇതു സഹായിക്കുമെന്ന് പ്രവീണാ റായ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അസ്ബ ബാങ്കുകള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനും ഓണ്‍ലൈന്‍ ട്രേഡിങ്, ഡീമാറ്റ് ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള സൗകര്യം പ്രയോജനപ്പെടുത്താനും അവസരമുണ്ട്.

TAGS: IPO | UPI |