ഇന്റര്‍വെല്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ റമീസ് അലിക്ക് പുരസ്‌കാരം

Posted on: December 19, 2023

മലപ്പുറം : വ്യവസായ സംരംഭകരുടെ ആഗോള കൂട്ടായ്മായ ‘ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്’സിന്റെ (ടൈ) കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സംരഭകനുള്ള പുരസ്‌കാരം അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍വെല്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ റമീസ് അലിക്ക്. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

അരീക്കോട് എന്ന ഗ്രാമീണ പ്രദേശത്തു സ്ഥാപിതമായ ഇന്റര്‍വെലിനെ അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്റ്റാര്‍ട്ടമാക്കി മാറ്റിയതിനാണ് പുരസ്‌കാരം.

2018 ല്‍ സ്ഥാപിതമായ ഇന്റര്‍വെല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ പ്രത്യേക ക്ഷണത്തോടെ അവരുടെ ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിന്‍ലണ്ടിലെ പരിപാടിയില്‍ ഇന്ത്യയില്‍ നിന്നു പങ്കെടുത്ത ഏക സ്റ്റാര്‍ട്ടപ്പ് കൂടിയായിരുന്നു ഇന്റര്‍വെല്‍. ഇന്റര്‍വെലിന്റെ ഈ നേട്ടത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അനുമോദിച്ചിരുന്നു. ഈ വര്‍ഷം തന്നെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ‘ജനറല്‍ എലിവേറ്റ്’ പ്രോഗ്രാമ്മിലേക്കും ഇന്റര്‍വെല്‍ ക്ഷണിക്കപ്പെട്ടിരുന്നു.