കെ. മാധവൻ വാൾട്ട് ഡിസ്‌നി ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ്

Posted on: April 16, 2021

കൊച്ചി : മാധ്യമവിനോദ രംഗത്തെ ആഗോള കമ്പനിയായ ദി വാള്‍ട്ട് ഡിസ്നി ആന്‍ഡ് സ്റ്റാറിന്റെ ഇന്ത്യാ പ്രസിഡന്റായി കെ. മാധവന്‍ നിയമിതനായി. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്.

ഡിസ്നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ ബിസിനസുകള്‍; വിനോദ, കായിക, പ്രാദേശിക ചാനലുകള്‍ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി കെ. മാധവന്റെ നേതൃത്വത്തില്‍ ആയിരിക്കും. ഇതില്‍ ചാനല്‍ വിതരണത്തിന്റെയും പരസ്യ വില്പനയുടെയും മേല്‍നോട്ടവും എട്ട് ഭാഷകളിലുള്ള ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്‌പോര്‍ട്സ്, സിനിമകള്‍ എന്നിവയിലുടനീളം 18,000 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഉള്‍പ്പെടുന്നു.

2019 മുതല്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ കണ്‍ട്രി ഹെഡായി സേവനമനുഷ്ഠിക്കുന്ന മാധവന്‍ കമ്പനിയുടെ ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ്.) പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ. ഐ.) മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ദേശീയ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും നിലവില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. വടകര സ്വദേശിയാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി കെ. മാധവനുമായി നേരിട്ട് പ്രവര്‍ത്തിച്ചതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഇന്ത്യാ ബിസിനസിനെ അദ്ദേഹം എങ്ങനെ നന്നായി കൈകാര്യം ചെയ്തുവെന്ന് നേരിട്ട് മനസ്സിലാക്കിയതാണെന്നും നിയമനം പ്രഖ്യാപിച്ചുകൊണ്ട് ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ട് ടു കണ്‍സ്യൂമര്‍ ചെയര്‍മാന്‍ റെബേക്ക കാമ്പ്ബെല്‍ അഭിപ്രായപ്പെട്ടു.

അവിശ്വസനീയമാംവിധം കഴിവുള്ള ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി കെ. മാധവന്‍ പ്രതികരിച്ചു.