രാഹുൽ ശശി ഓൺലൈൻ വായ്പ ആപ്പുകൾ പരിശോധിക്കാനുള്ള ആർ ബി ഐ സമിതിയിൽ

Posted on: January 15, 2021

മുംബൈ: വായ്പകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയും മൊബൈല്‍ ആപ്പുകളെയും കുറിച്ച് പഠിക്കാനും ഈ രംഗത്ത് എന്തെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിക്കാനുമായി റിസര്‍വ് ബാങ്ക് ആറംഗ പ്രവര്‍ത്തകസമിതിക്ക് രൂപംനല്‍കി. വായ്പാ ആപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത, രഹസ്യാത്മകത, ഉപഭോക്തൃസംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് നിയമപരമായ ചട്ടക്കൂടും മാനദണ്ഡങ്ങളും തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

ആര്‍.ബി.ഐ. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജയന്ത് കുമാര്‍ ഡാഷ് ആണ് സമിതി ചെയര്‍മാന്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൂപ്പര്‍വിഷന്‍ ചീഫ് ജനറല്‍ മാനേജര്‍ (സി.ജി.എം.) ഇന്‍ ചാര്‍ജ് അജയ്കുമാര്‍ ചൗധരി, പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് സി.ജി.എം. പി. വാസുദേവന്‍, റെഗുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സി.ജി.എം. മനോരഞ്ജന്‍ മിശ്ര എന്നിവരാണ് ആര്‍.ബി.ഐ.യില്‍നിന്നുള്ള മറ്റംഗങ്ങള്‍. സാങ്കേതിക വശങ്ങളും സുരക്ഷയും സംബന്ധിച്ച് പരിശോധിക്കുന്നതിന് പുറത്തുനിന്നുള്ള രണ്ടംഗങ്ങളുണ്ട്. ഇതിലൊരാള്‍ ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പായ ക്ലൗഡ്‌സെക് സ്ഥാപകനും മലയാളിയുമായ രാഹുല്‍ ശശിയാണ്. മൊണെക്‌സോ ഫിന്‍ടെക് സഹസ്ഥാപകന്‍ വിക്രം മേത്തയാണ് മറ്റൊരാള്‍.

ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനാണ് സമിതിയെന്ന് രാഹുല്‍ ശശി പറഞ്ഞു.

 

TAGS: Rahul Sasi |