ആനന്ദാശ്രമത്തെ പച്ചപുതപ്പിക്കാന്‍ മിയാ വാക്കി വനം

Posted on: September 4, 2020


കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തെ പച്ചപുതപ്പിച്ച് മിയാവക്കി വനം വളരും.ജീവനം, ഗൃഹവനം പദ്ധതി കളിലുടെ ഗ്രാമങ്ങള്‍ തോറും പ്രകൃതിജീവനത്തിന്റെ ബദല്‍ മാതൃകകള്‍ സൃഷ്ടിച്ച് ശ്രദ്ധേയനായ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ദിവാകരന്‍ കടിഞ്ഞിമൂലയുടെ ജില്ലയിലെ ആദ്യത്തെ മിയാ വാക്കി വനത്തിനാണ് ആനന്ദാശ്രമത്തില്‍ തുടക്കമിട്ടത്. ആശ്രമം വളപ്പിലെ സൗജന്യ ഹോമിയോ ക്ലിനിക്കിനടുത്തുള്ള പത്തു സെന്റ് സ്ഥലത്ത് ശ്രീനാരായണ ഗുരുവിന്റെ ജന്മനക്ഷത മരമായ കടമ്പ് നട്ടുകൊണ്ട് സ്വാമി മുക്താനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,ഡോ. ഷിജു, ഡോ. മോഹനന്‍, വി.കെ. ഭാസ്‌കരന്‍, ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

ചുരുങ്ങിയ സ്ഥലത്ത് കൃത്യമായി നിര്‍മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീ
സ് സസ്യശാസ്ത്രജ്ഞന്‍ പ്രഫ.അകിറ മിയാവാക്കി 1970ല്‍ വികസിപ്പിച്ചെടുത്ത വനനിര്‍മാണ മാ
തൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാന്‍ ഇത്തരം വനങ്ങള്‍ക്കു കഴിയുമെന്നാണു വിലയിരുത്തല്‍. മൂന്നു വര്‍ഷംകൊണ്ട് മരങ്ങള്‍ക്കു 30അടി ഉയരം, 20 വര്‍ഷത്തിനുള്ളില്‍ 100 വര്‍ഷം പഴക്കമുള്ള മരത്തിന്റെ രൂപം – ഇതാണു മിയാവാക്കിയുടെ മാസ്മരികത. ഒരു ചതുരശ്ര മീറ്ററില്‍ നാലുകുഴിയെടുത്ത് ഇലഞ്ഞി, മന്ദാരം, നീര്‍മരുത്, മണിമരുത്, താന്നി, കരിമരം, പൂവരശ്, മഹാഗണി തുടങ്ങി നൂറ്റി അമ്പതിലധികം മരങ്ങളാണ് ആദ്യഘട്ടത്തില്‍ മാത്രം നട്ടത്.കഴിഞ്ഞ വര്‍ഷം ആശ്രമത്തില്‍ ആരംഭിച്ച ഗൃഹവനം പദ്ധതിയിലെ ഇരുന്നൂറോളം മരങ്ങള്‍ ഇതിനകം തന്നെ മുന്നടിയോളം വളര്‍ന്നു കഴിഞ്ഞു.