ഇൻഫോപാർക്ക് രണ്ടാംഘട്ട കാമ്പസ് യാഥാർത്ഥ്യമായി

Posted on: May 7, 2015

Infopark-Phase-II-Inaugrati

കൊച്ചി : സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും പൂർണമായി ഉപയോഗിക്കുന്ന പദ്ധതികൾക്കും വ്യവസായങ്ങൾക്കുമായിരിക്കും സർക്കാർ മുൻഗണന നൽകുകയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊച്ചി ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട കാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന തരത്തിലുള്ള നിക്ഷേപം കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇൻഫോപാർക്കും സ്വകാര്യ ഐടി കമ്പനികളും കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതക്കളായി മാറിയിരിക്കുകയാണെന്ന് ഐടി-വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇൻഫോപാർക്കിന് എല്ലാ പിന്തുണയും നൽകാൻ സംസ്ഥാനസർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് മന്ത്രി കെ. ബാബു, പൊതുമാരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ഐടി-വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, എംഎൽഎമാരായ വി.പി. സജീന്ദ്രൻ, ബെന്നി ബഹനാൻ, ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം, ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.രണ്ടാംഘട്ടം യാഥാർത്ഥ്യമാക്കാൻ സഹായിച്ച ഐടി നിക്ഷേപകരെ ചടങ്ങിൽ ആദരിച്ചു.