ആഗോളതലത്തില്‍ ഏറ്റവും മികച്ച സെന്‍ട്രല്‍ ബാങ്കറായി ശക്തികാന്ത ദാസ്

Posted on: September 6, 2023

വാഷിംഗ്ടണ്‍ : ആഗോളതലത്തില്‍ ഏറ്റവും മികച്ച സെന്‍ട്രല്‍ ബാങ്കറായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ ആണ് ആഗോളതലത്തില്‍ ഏറ്റവും മികച്ച സെന്‍ട്രല്‍ ബാങ്കറായി ശക്തികാന്ത ദാസിനെ തെരഞ്ഞെടുത്തത്.

2023ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡുകളില്‍ ശക്തികാന്ത ദാസിന് ‘എ+’ റേറ്റ് ആണ് ലഭിച്ചത്. എ+ റേറ്റു ചെയ്ത മൂന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്താണ്.

പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യങ്ങള്‍, കറന്‍സി സ്ഥിരത, പലിശ നിരക്ക് മാനേജ്‌മെന്റ് എന്നിവയിലെ റേറ്റിങ്ങുകളാണ് വിലയിരുത്തുക. എ മുതല്‍ എഫ് വരെയുള്ള സ്‌കെയിലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രേഡുകള്‍. ശക്തികാന്ത ദാസിന് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗവര്‍ണര്‍ തോമസ് ജെ.ജോര്‍ദാനും വിയറ്റ്‌നാം സെന്‍ട്രല്‍ ബാങ്ക് മേധാവി എന്‍ഗുയെന്‍തി ഹോംഗും ആദ്യ മുന്നില്‍ ഇടം നേടി.

‘എ’ ഗ്രേഡ് നേടിയ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരില്‍ ബ്രസീലിലെ റോബര്‍ട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീര്‍ യാറോണ്‍, മൗറീഷ്യസിലെ ഹര്‍വേഷ് കുമാര്‍ സീഗോലം, ന്യൂസിലന്‍ഡിലെ അഡ്രിയാന്‍ ഓര്‍ എന്നിവരുമുള്‍പ്പെടുന്നു. കൊളംബിയയിലെ ലിയോനാര്‍ഡോ വില്ലാര്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഹെക്റ്റര്‍ വാല്‍ഡെസ് അല്‍ബിസു, ഐസ്ലാന്‍ഡിലെ അസ്ഗര്‍ ജോണ്‍സണ്‍, ഇന്തോനേഷ്യയിലെ പെറിവാര്‍ജിയോ എന്നിവരാണ് ‘എ’ ഗ്രേഡ് നേടിയവര്‍.