അക്യുബിറ്റ്‌സ് ടെക്‌നോളജീസ് റെഡ് ഹെറിംഗിന്റെ 2022ലെ ഏറ്റവും മികച്ച 100 ആഗോള സംരംഭങ്ങളുടെ പട്ടികയില്‍

Posted on: November 10, 2022

തിരുവനന്തപുരം : ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യുബിറ്റ്‌സ് ടെക്‌നോളജീസ് പ്രശസ്തമായ 2022ലെ ‘റെഡ് ഹെറിംഗ് ടോപ്പ് ഗ്ലോബല്‍ 100’ പട്ടികയില്‍ സ്ഥാനം നേടി. അക്യുബിറ്റ്‌സിന്റെ സാങ്കേതിക നവീകരണം, ഭാവിയിലേക്കുള്ള കാഴ്ചപ്പാട്, മികവുറ്റ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച മാതൃകാപരമായ സമീപനങ്ങളാണ് ആഗോള തലത്തിലെ 100 കമ്പനികള്‍ അടങ്ങുന്ന റെഡ് ഹെറിങിന്റെ പട്ടികയില്‍ എത്തിച്ചിരിക്കുന്നത്.

പട്ടികയില്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മികച്ച 100 സംരംഭങ്ങളെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന പട്ടികയാണ് റെഡ് ഹെറിങിന്റേത്.

റെഡ് ഹെറിംഗിന്റെ 2022 ലെ ലോകത്തിലെ മികച്ച 100 സംരംഭങ്ങളില്‍ ഒന്നാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഭാവിയെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അക്യുബിറ്റ്‌സ് ടെക്‌നോളജീസിന്റേതെന്നും കമ്പനിയുടെ സി ഇ ഒ യും സഹസ്ഥാപകനുമായ ജിതിന്‍ വി ജി പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിക്കുകയും ഇത്തരത്തിലൊരു അംഗീകാരം നല്‍കുകയും ചെയ്ത റെഡ് ഹെറിങ്ങിന്റെ എഡിറ്റര്‍മാരോട് ഈ അവസരത്തില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളെ തിരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഏറെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ലോകമെമ്പാടുമുള്ള സംരംഭങ്ങളില്‍ നിന്നും ഏറ്റവും മികച്ച 100 വിജയികളിലേക്ക് ഞങ്ങള്‍ എത്തിയത്, എന്ന് റെഡ് ഹെറിംഗ് സി ഇ ഒ അലക്‌സ് വിയക്‌സ് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ 100 മികച്ച സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുവാനുള്ള എല്ലാവിധ യോഗ്യതകളും അക്യുബിറ്റ്‌സ് ടെക്‌നോളജീസിന് ഉണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളും നവീകരണങ്ങളും കാഴ്ചപ്പാടുകളുമാണ് അസിക്യൂബിറ്റ്‌സിനെ ഈ അംഗീകാരത്തിന് അര്‍ഹമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് കമ്പനികളില്‍ നിന്നും ഏറ്റവും മികച്ച 100 സ്ഥാപനങ്ങളാണ് വര്‍ഷം തോറും റെഡ് ഹെറിങ് പട്ടികയില്‍ ഇടം നേടുന്നത്. കമ്പനികളുടെ സാമ്പത്തിക പ്രകടനം, സാങ്കേതിക നവീകരണം, മാനേജ്‌മെന്റ് നിലവാരം, ബിസിനസ് തന്ത്രങ്ങള്‍, വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ മാനദണ്ഡമാക്കിയാണ് റെഡ് ഹെറിംഗിന്റെ എഡിറ്റര്‍മാര്‍ പട്ടിക തയ്യാറാക്കുന്നത്. ഒരേ തലത്തിലുള്ള കമ്പനികളെ താരതമ്യപ്പെടുത്തി അവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്താണ് ലോകമെമ്പാടുമുള്ള 100 മികച്ച സംരംഭങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കുന്നത്.

TAGS: Accubits |