അക്യുബിറ്റ്‌സ് ടെക്‌നോളജീസിന്റെ ആഗോള ബ്ലോക്ക് ചെയിന്‍ സേവനങ്ങള്‍ക്ക് അംഗീകാരം

Posted on: May 20, 2022

തിരുവനന്തപുരം : ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്യുബിറ്റ്സ് ടെക്നോളജീസിന് വിവിധ മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സികളുടെ അംഗീകാരം. ആഗോളതലത്തില്‍, പ്രത്യേകിച്ച് ബാങ്കിംഗ് വ്യവസായ മേഖലയില്‍, മികച്ച രീതിയില്‍ ബ്ലോക്ക്ചെയിന്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനി എന്ന നിലയിലാണ് അക്യുബിറ്റ്സിനുള്ള അംഗികാരം. ഐബിഎം, ഫുജിറ്റ്സു, ജെപി മോര്‍ഗന്‍, മൈക്രോസോഫ്റ്റ്, പ്രൈംചെയിന്‍ ടെക്നോളജീസ്, ആര്‍ ത്രീ, റിപ്പിള്‍, സൈന്‍സി തുടങ്ങിയ ആഗോള പ്രമുഖര്‍ക്കൊപ്പമാണ് ഇന്ത്യന്‍ കമ്പനിയായ അക്യുബിറ്റ്‌സും സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

ഏറ്റവും വലിയ മാര്‍ക്കറ്റ് റിസര്‍ച്ച് സ്റ്റോറായ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്‌സാണ് (ആര്‍ ആന്‍ഡ് എം) ബാങ്കിംഗ്, ഫിനാന്‍സ് വിപണിയില്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന പത്ത് സുപ്രധാന ആഗോള കമ്പനികളില്‍ ഒന്നായി അക്യുബിറ്റ്‌സ് ടെക്‌നോളജീസിനെ തിരഞ്ഞെടുത്ത്. ആഗോളതലത്തില്‍ ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലെ ബ്ലോക്ക്‌ചെയിന്‍, അനുബന്ധ സേവനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിശദവും സമഗ്രവുമായ ഗവേഷണം നടത്തുന്നറിസര്‍ച്ച് കമ്പനി ആണ് ആര്‍ ആന്‍ഡ് എം.

ആര്‍ ആന്‍ഡ് എമ്മിനെ കൂടാതെ, മറ്റൊരു പ്രമുഖ ഗവേഷണ സ്ഥാപനമായ, ദ റിസര്‍ച്ച് ഇന്‍സൈറ്റ്‌സും വിപണിയില്‍ ബ്ലോക്ക്‌ചെയിന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്ലോബല്‍ ടോപ്പ് പത്ത് കമ്പനികളില്‍ ഒന്നായി അക്യുബിറ്റ്‌സ് ടെക്‌നോളജീസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ ഇന്‍ ബാങ്കിങ് മാര്‍ക്കറ്റ് അനാലിസിസ് ടു 2026 എന്ന റിസര്‍ച്ച്ദി റിപ്പോര്‍ട്ടിലാണ് ദ റിസര്‍ച്ച് ഇന്‍സൈറ്റ്‌സ്, അക്യുബിറ്റ്‌സിനെ ശ്ലാഖിച്ചിട്ടുള്ളത്.

ആഗോള തലത്തില്‍ ബ്ലോക്ക്ചെയിന്‍ സൊല്യൂഷനുകള്‍ നല്‍കുന്നതില്‍ ഒരു പ്രധാന കമ്പനിയായി ഒന്നിലധികം മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സികള്‍ അക്യുബിറ്റ്‌സിനെ തിരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്ന് അക്യുബിറ്റ്സ് ടെക്നോളജീസ് സിഇഒയും സഹസ്ഥാപകനുമായ ജിതിന്‍ വി ജി പ്രതികരിച്ചു.

‘ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുമായുള്ള കമ്പനിയുടെ ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചതാണ്. വന്‍തോതിലുള്ള ബ്ലോക്ക്ചെയിന്‍-പവര്‍ ബിസിനസ്സ് സാഹചര്യങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിരവധി ഉപഭോക്തൃ കമ്പനികളെ, പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയിലെ സ്ഥാപനങ്ങളെ, സഹായിക്കാന്‍ അക്യുബിറ്റ്സിന് കഴിഞ്ഞിട്ടുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

ബ്ലോക്ക്ചെയിന്‍ സൊല്യൂഷനുകള്‍ പ്രദാനം ചെയ്യുന്നതിലുള്ള വൈദഗ്ധ്യത്തിനു പുറമെ, ടോക്കണൈസേഷനിലും എന്‍എഫ്ടി ഡൊമെയ്നുകളിലുമുള്ള ഓഫറുകളും, അക്യുബിറ്റ്സിനെ വിപണി അധിഷ്ഠിത ബ്ലോക്ക്ചെയിന്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍നിരയില്‍ എത്തിച്ചിട്ടുണ്ട്. ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 12 ബില്യണ്‍ ഡോളര്‍ വരെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ വിന്യാസത്തിലൂടെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

TAGS: Accubits |