ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു

Posted on: October 10, 2022

ന്യൂഡല്‍ഹി : രണ്ട് വര്‍ഷത്തെ വര്‍ധനയ്ക്ക് ശേഷം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു. മുന്‍നിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതല്‍ 19 ശതമാനം വരെ കുറച്ചതായി കമ്പനിയുടെ വിതരണക്കാര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന് കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയര്‍ത്തിയിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ജൂണില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഉണ്ടായിരുന്നത്. അടുത്തിടെയാണ് അസംസ്‌കൃത വസ്തുക്കളുടെ വില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ നാല് പാദങ്ങളില്‍, എഫ്എംസിജി കമ്പനികള്‍ 8 മുതല്‍ 15 ശതമാനം വില വര്‍ധന വരുത്തിയിരുന്നു.

അതേസമയം വില കുറയ്ക്കുമ്പോഴും ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഉത്പന്ന വില ഉയര്‍ന്നു തന്നെയാണ് തുടരുന്നത്. സാര്‍ഫ് എക്‌സല്‍ 500 മില്ലി ലിക്വിഡ് പായ്ക്കിന് വില 115 രൂപയില്‍ നിന്നും 112 രൂപയായി. റിന്‍ ഡിറ്റര്‍ജന്റ് പൗഡര്‍ വില 103 രൂപയില്‍ നിന്ന് 99 രൂപയായി. 125 ഗ്രാം വരുന്ന നാല് ഫ്‌ബോയ് സോപ്പിന്റെ വില 140 രൂപയില്‍ നിന്ന് 132 രൂപയായി കുറഞ്ഞു. 50 ഗ്രാം ഡവ് സോപ്പിന്റെ വില 27 രൂപയില്‍ നിന്നും 22 രൂപയായി കുലൈറഞ്ഞു.

അതേസമയം, ലക്‌സ് സോപ്പിന്റെ തൂക്കം 100 ഗ്രാം കൂട്ടി. വിലയും അതിനനുസരിച്ച് കൂട്ടി. എന്നാല്‍ ഫലത്തില്‍ വില 10.86 ശതമാനം കുറഞ്ഞു. വില കുറച്ചത് വിപണിയില്‍ പ്രതിഫലിക്കാന്‍ സമയമെടുക്കും. കുറഞ്ഞ വിലയ്ക്കുള്ള ഉത്പന്നങ്ങള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.