മണപ്പുറം ഫിനാന്‍സിന് 282 കോടി രൂപ അറ്റാദായം

Posted on: August 5, 2022

 


കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ആദ്യ പാദത്തില്‍ 281.92 കോടി രൂപയുടെ അറ്റാദായം. മുന്‍ ക്വാര്‍ട്ടറിനെക്കാള്‍ 8.04 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 436.85 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം ആസ്തി കഴിഞ്ഞപാദത്തെ ആപേക്ഷിച്ചു 24 .25 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.65 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ മൊത്തം ആസ്തി 30,759.52 കോടി രൂപയിലെത്തി.

ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ അറ്റാദായം 290.12 കോടി രൂപയും, മൊത്ത പ്രവര്‍ത്തന വരുമാനം 1501.98 കോടി രൂപയുമാണ്. കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസ്സ് 20,050 കോടി രൂപയിലെത്തി. കഴിഞ്ഞ ക്വാര്‍ട്ടറിനെക്കാള്‍ 21.22 ശതമാനം വര്‍ദ്ധനവോടെ മികച്ച വളര്‍ച്ചയാണ് കാഴ്ചവെച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ 27,751.46 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ മണപ്പുറം ഫിനാന്‍സ് വിതരണം ചെയ്തു. നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 24 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളാണ് മണപ്പുറം ഫിനാന്‍സിനുള്ളത് .

ശക്തമായ മല്‍സരത്തിന്റെ പശ്ചാത്തലത്തിലും ഞങ്ങള്‍ക്ക് കഴിഞ്ഞ ത്രൈമാസത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും, ചെലവുകളുടെ നില മെച്ചപ്പെടുത്തുവാനും സാധിച്ചത് അഭിമാനാര്‍ഹമാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. ഞങ്ങളുടെ എല്‍ടിവി മറ്റുള്ളവരുടേതിനേക്കാള്‍ കുറവാണെങ്കിലും സ്വര്‍ണപണയ രംഗത്ത് ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഗണ്യമായ വളര്‍ച്ചയാണു കൈവരിക്കാനായത്. മൈക്രോഫിനാന്‍സ് ബിസിനസ്സായ ആശിര്‍വാദും വരും ദിനങ്ങളില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് തയ്യാറായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ വിതരണം ചെയ്യാനും തീരുമാനിച്ചു. കമ്പനിയുടെ മൈക്രോഫിനാന്‍സ് സബ്‌സിഡിയറി ആയ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ മൊത്തം ആസ്തി 15.86 ശതമാനം വര്‍ധിച്ച് 6,052.60 കോടി രൂപയില്‍ നിന്ന് 7,012.53 കോടി രൂപയായി. ഭവനവായ്പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ 22.63 ശതമാനവും, കഴിഞ്ഞ ക്വാര്‍ട്ടറിനെക്കാള്‍ 3.49% ശതമാനവും വര്‍ദ്ധനവോടെ 874.75 കോടി രൂപയായി. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ of 67.98 ശതമാനം ഉയര്‍ച്ചയോടെ 1,755.05 കോടി രൂപയായി.

കമ്പനിയുടെ മൊത്തം ആസ്തിയില്‍ 34 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ മുന്‍ വര്‍ഷത്തെ 8.61 ശതമാനത്തില്‍ നിന്നു ഉയര്‍ന്നു 7.47 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.43 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.25 ശതമാനവുമാണ്. 2022 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 8,576.02 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 101.32 രൂപയും മൂലധന പര്യാപ്തതാ അനുപാതം 31.45 ശതമാനവുമാണ്. എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 23,970.85 കോടി രൂപയാണ്. 2022 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 51.7 ലക്ഷം ഉപഭോക്താക്കളാണ് മണപ്പുറം ഗ്രൂപ്പിനുള്ളത് .