കിംസ് ഗ്രൂപ്പ് പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റൽ ഏറ്റെടുത്തു

Posted on: November 25, 2014

KIMS-Logo-Big

പ്രമുഖ ആശുപത്രി ശൃംഖലയായ തിരുവനന്തപുരത്തെ കിംസ് ഗ്രൂപ്പ്, പെരിന്തൽമണ്ണയിലെ ആദ്യ സ്വകാര്യ ആശുപത്രിയായ അൽഷിഫ മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ ഏറ്റെടുത്തു. അൽഷിഫ, ഇനി മുതൽ കിംസ് അൽഷിഫ എന്ന പേരിലാകും അറിയപ്പെടുക. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ലയന ഉടമ്പടിയിൽ കിംസ് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ. സഹദുല്ലയും അൽഷിഫ മൾട്ടി- സ്‌പെഷാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ പി.എ. ഉണ്ണീനുമാണ് ഒപ്പുവച്ചത്.

അൽഷിഫയുമായി കൈകോർക്കുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിടക്കകൾ (1650) ഉള്ള ആശുപത്രിയായി കിംസ് മാറിയതായി കിംസ് ഗ്രൂപ്പ് ചെയർമാൻ ഡോ. എം. ഐ. സഹദുല്ല പറഞ്ഞു. ലയനധാരണ പ്രകാരം കിംസ് നടപ്പാക്കിവരുന്ന വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളായ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി (ഹൃദയ സ്പന്ദനം), സ്‌കൂൾ അധ്യാപകർക്കായുള്ള സൗജന്യ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ (ഗുരുവന്ദനം), കാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള ടച്ച് എ ലൈഫ് എന്നീ പദ്ധതികളുടെ പ്രയോജനം കിംസ് അൽഷിഫയിൽ എത്തുന്നവർക്കും ലഭിക്കും.

1989 ൽ ആരംഭിച്ച അൽഷിഫ സൂപ്പൽ സ്‌പെഷാലിറ്റിയിൽ 600 കിടക്കകളാണ് ഉള്ളത്. 2002 ൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കിംസ് ഗ്രൂപ്പിനു കീഴിൽ ഗൾഫിലും ഇന്ത്യയിലുമായി നിരവധി ആശുപത്രികളുണ്ട്.പുതുതായി അഞ്ച് ആശുപത്രികൂടി അഞ്ചു സംസ്ഥാനങ്ങളിൽ തുടങ്ങുമെന്നും ഡോ. എം. ഐ. സഹദുല്ല വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ അൽഷിഫ മൾട്ടി- സ്‌പെഷാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ പി.എ. ഉണ്ണീൻ, കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഇ.എം. നജീബ്, സി. എച്ച്. അബ്ദുൽ റഹീം, അൽഷിഫ മെഡിക്കൽ ഡയറക്ടർ അഹമ്മദ് അമീൻ, പി. ഹംസ, കെ.ടി. അബ്ദുൽ റസാഖ്, പി.കെ. മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.