ടെക്‌നോളജി ഇന്നൊവേഷൻ സോൺ : ഒന്നാംഘട്ടം ഉദ്ഘാടനം 20 ന്

Posted on: October 19, 2014

Infopark-kochi-Logo-smallആശയരൂപീകരണം മുതൽ എയ്ഞ്ചൽ ഇൻവെസ്റ്റർമാരുമായുള്ള ബന്ധം സ്ഥാപിക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും സംരംഭകർക്ക് പിന്തുണ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ തുടക്കമിടുന്ന ടെക്‌നോളജി ഇന്നൊവേഷൻ സോണിന്റെ (ടിസ്) ഒന്നാംഘട്ടം കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ 20 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും.

10,000 ചതുരശ്ര അടി സ്ഥലത്ത് നാൽപതോളം സ്റ്റാർട്ടപ്പുകൾക്കാണ് ഇപ്പോൾ ഇവിടെ സൗകര്യമൊരുക്കുന്നത്. തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിനു കീഴിലുള്ള 150 കോടിയുടെ ഈ പദ്ധതി കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക.

ടെലികോം, ഐടി മേഖലയ്ക്കു പുറമെ കൃഷി, വിനോദസഞ്ചാരം, ഇലക്ട്രോണിക്‌സ്, നാനോ ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും ഇൻകുബേഷൻ സൗകര്യം ലഭ്യമാക്കുകയാണ് ടിസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

അവശേഷിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം 2016 അവസാനത്തോടെ പൂർത്തിയാക്കും. കിൻഫ്ര പാർക്കിലെ 13.2 ഏക്കർ സ്ഥലത്തെ മുഴുവൻ പണികളും പൂർത്തിയാകുന്നതോടെ മൂന്നു ലക്ഷം ചതുരശ്ര അടി സ്ഥലത്തായി 3,000 സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തനസൗകര്യം ഒരുക്കാൻ ടിസിന് സാധിക്കും.

ഭാവിയിലേക്ക് ദൃഷ്ടി അർപ്പിച്ചാണ് ടിസ് പ്രവർത്തിക്കുന്നതെന്നും സംസ്ഥാനത്ത് ഇപ്പോഴുള്ള സംരംഭകത്വ അഭിവൃദ്ധി സുസ്ഥിരമായി തുടരാൻ ഇതു സഹായകമാകുമെന്നും ഇൻഫോപാർക്കിന്റെയും ടെക്‌നോപാർക്ക് ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിന്റെയും സിഇഒ ഋഷികേശ് നായർ പറഞ്ഞു.

കൺവൻഷൻ സെന്റർ, ഫുഡ് കോർട്ടുകൾ, പ്രദർശന ഹാൾ തുടങ്ങിയവ കൂടാതെ ഫാബ്രിക്കേഷൻ ലാബ് (ഫാബ് ലാബ്), ഡേറ്റ സെന്റർ തുടങ്ങി ഭാവിയിൽ ബിസിനസ് ഇൻകുബേറ്ററുകൾക്ക് ആവശ്യമായി വരുന്ന എല്ലാ സൗകര്യങ്ങളും ടിസിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലഭ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിിക്കാട്ടി.

വ്യവസായ ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, കളമശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം, കളമശേരി മുനിസിപ്പൽ കൗൺസിലർ നസീമ മജീദ്, കിൻഫ്ര എംഡി ഡോ. ജി.സി. ഗോപാലപിള്ള, സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ, സിഇഒ പ്രണവ് കുമാർ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.